പുലിമുട്ട് നിർമ്മാണം വൈകിയത് വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടിയാവുന്നുവെന്ന് തുറമുഖമന്ത്രി

By Web TeamFirst Published Oct 11, 2021, 11:58 AM IST
Highlights

പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു

തിരുവനന്തപുരം: പുലിമുട്ട് നി‍ർമ്മാണം തീരാത്തതാണ് തുറമുഖം നി‍ർമ്മാണം വൈകുന്നതെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവ‍ർ കോവിൽ (ahammed deverkovil). വിഴിഞ്ഞം തുറമുഖ നിർമ്മാണം (vihinjamn port) വൈകുന്നത് ചോദ്യം ചെയ്ത് കൊണ്ടുള്ള അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം നൽകിയ അനുമതി നോട്ടീസിന് മറുപടി പറയുകയായിരുന്നു അഹമ്മദ് ദേവ‍ർകോവിൽ. 

തുറമുഖ നി‍ർമ്മാണം (vizhinjam project) പൂർത്തിയാക്കാൻ അദാനി ​ഗ്രൂപ്പ് (Adani Group) കാലാവധി നീട്ടി ചോദിച്ചിട്ടുണ്ട്. സർക്കാർ ഇളവുകൾ നൽകിയെങ്കിലും അതിൽ തൃപ്തരാവാതെ അദാനി ആ‍ർബിട്രേഷനിൽ പോയി. സർക്കാരും ആർബിട്രെഷനിൽ വാദം ഉന്നയിക്കും. പുലിമുട്ട് നിർമാണം വൈകാൻ കാരണം പാറ കിട്ടാത്തതാണെന്നും പാറ കൊണ്ട് വരാനുള്ള ഉത്തരവാദിത്തം അദാനിക്കാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. അടുത്ത വർഷത്തേക്ക് പുലിമുട്ട് നിർമാണത്തിന്റെ ബഹുഭൂരിപക്ഷവും തീർക്കും എന്നാണ് അദാനി നൽകിയ ഉറപ്പെന്നും അടുത്ത മൺസൂണിൻ്റെ മുൻപായി അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

എന്നാൽ വിഴിഞ്ഞം പദ്ധതി വൈകുന്നതിൽ ഉത്തരവാദി സർക്കാരും അദാനിയുമാണെന്ന് യുഡിഎഫ് എംഎൽഎ എ.വിൻസെന്റ് പറഞ്ഞു.കാലാവധിയുടെ ഇരട്ടി വർഷം ആയാലും പദ്ധതി തീരാനാകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.  നിർമ്മാണ കാലാവധി തീർന്നു ഒന്നര വർഷം കഴിഞ്ഞാണ് സർക്കാർ പാറ ക്ഷാമം പരിഹരിക്കാൻ തമിഴ്നാടുമായി സംസാരിച്ചതെന്നും വിൻസൻ്റ് ചൂണ്ടിക്കാട്ടി. സർക്കാർ എല്ലാം അദാനിയുടെ ഉത്തരവാദിത്തം എന്ന് പറഞ്ഞു ഒഴിയുകയാണ്. വിഴിഞ്ഞം നിർമ്മാണം പൂർത്തിയാക്കാൻ യുഡിഫ് സർക്കാർ അതിവേഗം നടപടികളെടുത്തിരുന്നു. പരിസ്ഥിതി അനുമതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ആഗോള ടെണ്ടർ വിളിച്ചാണ് യുഡിഎഫ് പദ്ധതിയെ കൊണ്ടു പോയത്.

വിഴിഞ്ഞം പദ്ധതിയുടെ കരാ‍ർ കാലാവധി കഴിഞ്ഞ് രണ്ട് വർഷമായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ അദാനി പറയുന്നത് 2023 ഡിസംബറിൽ പൂർത്തിയാക്കും എന്നാണ്.  കരാർ ഒപ്പിട്ടു ആറു വർഷം ആകുമ്പോൾ പുലി മുട്ട് നിർമാണത്തിന്റ നാലിൽ ഒന്ന് മാത്രം ആണ് തീർന്നത്. പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നതിൽ സർക്കാർ നോക്കു കുത്തി ആയി നിൽക്കുകയാണ്.  മെഗാപദ്ധതി ആയിട്ടും സർക്കാർ പദ്ധതിയെ കൃത്യമായി മോണിറ്ററായിട്ടില്ല.

ഈ രീതിയിൽ പോയാൽ 10 വർഷം കൊണ്ടും പദ്ധതി തീരില്ലെന്ന അവസ്ഥയാണ്. കരാർ വീഴ്ചയിൽ 12 ലക്ഷം രൂപ സർക്കാർ ഈടാക്കാൻ തയ്യാർ ആകുമോ എന്ന് ചോദിച്ച വിഡി സതീശൻ പദ്ധതിയുടെ നിർമാണത്തിന്റ ഭാഗമായി പല പ്രശ്നങ്ങളും തീരത്തുണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടി.  പദ്ധതി മൊത്തത്തിൽ മുഖ്യമന്ത്രി അവലോകനം ചെയ്യണമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം ഇന്ന് ഇറങ്ങിപ്പോക്ക് നടത്തിയില്ല. 

click me!