ബ്രിട്ടനിൽ നിന്നെത്തിയ വിനോദസഞ്ചാരിക്ക് കൊവിഡ്; കടന്നുകളയാന്‍ ശ്രമം, വിമാനത്തിൽ നിന്ന് തിരിച്ചിറക്കി

By Web TeamFirst Published Mar 15, 2020, 11:22 AM IST
Highlights

വിമാനത്തിൽ കയറിയ ഇയാളടങ്ങുന്ന സംഘത്തെ കൊച്ചിയിൽ തിരിച്ചിറക്കി . 19 അംഗ സംഘമാണ് രോഗിക്കൊപ്പമുണ്ടായിരുന്നത് . മൂന്നാറിലെത്തിയ ഇയാൾ ഹോട്ടലിൽ നിരീക്ഷണത്തിലായിരുന്നു  

കൊച്ചി: ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ വിനോദസഞ്ചാരിക്ക് കൊവിഡ് 19. നിരീക്ഷണത്തിലിരിക്കെ അധികൃതരുടെ കണ്ണ് വെട്ടിച്ച് വിമാനത്തിൽ കയറി കടന്നുകളയാന്‍ ശ്രമിച്ച ഇയാളടങ്ങുന്ന സംഘത്തെ നെടുമ്പാശ്ശേരിയിൽ തിരിച്ചിറക്കി. മൂന്നാറിലെത്തിയ ലണ്ടന്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നാറിലെ ഹോട്ടലില്‍ ഇയാൾ നിരീക്ഷണത്തിലായിരുന്നു. 19 അംഗ സംഘമാണ് രോഗിക്കൊപ്പമുണ്ടായിരുന്നത്.

ദുബായ് എമിറേറ്റ്സ് വിമാനത്തിൽ ആണ് ഇയാൾ കയറിയത്. ഇയാള്‍ കയറിയ വിമാനത്തിലെ 270 പേരെയും തിരിച്ചിറക്കി. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും പരിശോധിക്കും. എല്ലാവരെയും ആശുപത്രിയിലെത്തിച്ചാണ് പരിശോധിക്കുക. അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളം അടയ്ക്കേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ പ്രതികരിച്ചു. വീഴ്ച വരുത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

Also Read: രാജ്യത്ത് അതീവ ജാഗ്രത; കൊവിഡ് ബാധിതരുടെ എണ്ണം നൂറായി, മഹാരാഷ്ട്രയിൽ 15 പുതിയ കേസുകൾ | Covid Live Updates

രോഗ ലക്ഷണങ്ങൾ ഉണ്ടെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ കഴിയുന്ന വിനോദ ‍സഞ്ചാരി അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് മൂന്നാറിൽ നിന്ന് കൊച്ചിയിലേക്ക് കടന്ന് കളഞ്ഞത്. കെടിഡിസി ഹോട്ടലിലായിരുന്നു ഇയാളും സംഘവും നിരീക്ഷണത്തിലുണ്ടായിരുന്നത്. രോഗ ലക്ഷണങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ  സബ് കളക്ടറുടെ സംഘം സഞ്ചാരികളെ നേരിട്ട് കണ്ട്  കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രവര്‍ത്തകരുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും കണ്ണ് വെട്ടിച്ച് സംഘം മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി.

ഹോട്ടൽ അധികൃതര്‍ അറിയാതെ ഇവര്‍ക്കെങ്ങനെ ബാഗേജുകളുമായി കടന്നു കളയാൻ കഴിഞ്ഞു, അവര്‍ സഞ്ചരിച്ച വാഹനം, ആഹാരം കഴിക്കാൻ അടക്കം ഇവര്‍ ‍എവിടെയെങ്കിലും ഇറങ്ങിയിരുന്നോ, ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയോ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളിലാണ് ഇപ്പോഴും വലിയ ആശങ്ക നിലനിൽക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!