
ആലപ്പുഴ: രാജീവ് ഗാന്ധി ബയോ ടെക്‍നോളജി സെന്‍ററിലെ കൊവിഡ് പരിശോധനയില്‍ പോസിറ്റീവാകുന്ന ഫലങ്ങള്‍ വീണ്ടും പരിശോധിക്കാൻ സര്‍ക്കാര്‍ തീരുമാനം . ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ തുടര്‍ പരിശോധന നടത്തി അവിടയും പോസിറ്റീവായാല്‍ മാത്രമേ കൊവിഡ് രോഗിയായി പരിഗണിക്കു. ആര്‍ജിസിബിയിലെ പല പരിശോധനകളിലും വ്യത്യസ്ത ഫലം വന്നതിനെത്തുടര്‍ന്നാണ് തീരുമാനം .
രാജീവ് ഗാന്ധി ബയോ ടെക്‍നോളജി സെന്‍ററില്‍ പരിശോധന നടത്തിയപ്പോൾ പോസിറ്റീവെന്ന് കണ്ടെത്തിയ ചിലരുടെ ഫലം 24 മണിക്കൂറിനുള്ളില്‍ മറ്റ് സെന്‍ററുകളില്‍ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരുടെ ആദ്യമെടുത്ത സ്രവം രാജീവ് ഗാന്ധി സെന്‍ററില്‍ തന്നെ വീണ്ടും പരിശോധിച്ചപ്പോള്‍ ഫലം നെഗറ്റീവ്. ഫലത്തില്‍ വ്യക്തത വരുത്താൻ ഇതെല്ലാം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. അവിടേയും ഫലം നെഗറ്റീവ്. ഇതോടെ കൊവിഡ് ചികില്‍സ സെന്‍ററുകളായ തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രികള്‍ ആശങ്ക അറിയിച്ചു . ഇതോടെയാണ് രാജീവ് ഗാന്ധി സെന്‍ററിലെ പരിശോധന ഫലം പോസിറ്റീവ് ആണെങ്കില്‍ തുടര്‍ പരിശോധന നടത്താൻ തീരുമാനിച്ചത് .
പാരിപ്പള്ളിയില്‍ ചികിത്സയിലായിരുന്ന ആശ പ്രവര്‍ത്തക മൂന്നാം ദിനം കൊവിഡ് മുക്തയായി. പോസിറ്റീവെന്ന് കണ്ടെത്തിയത് ആര്‍ജിസിബിയില്‍ ആയിരുന്നെങ്കിലും അന്തിമ ഫലം ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നായിരുന്നു. ഇതടക്കം കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ആയ എട്ട് പേരുടേയും അവസാന വട്ട സ്രവ പരിശോധന നടത്തിയത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു.
തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന രണ്ടുപേരുടെ ഫലത്തില്‍ ഇതുപോലെ അവ്യക്തത വന്നതോടെ 30 തവണയാണ് ആവര്‍ത്തിച്ച് പരിശോധന നടത്തിയത്. കിറ്റുകൾക്ക് ക്ഷാമം നേരിടുന്ന അവസ്ഥയിലാണിത് . രാജീവ് ഗാന്ധി സെന്‍ററിലെ പരിശോധന ഫലത്തിന്‍റെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിൻകരയിലും ചാത്തന്നൂരിലുമടക്കം ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് . ഇക്കാര്യത്തിലും സര്‍ക്കാരിന് പുനരാലോചന നടത്തേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam