വായ്പ വഴിയുള്ള 200 മെഗാ വാട്ട് കിട്ടിയില്ല, സംസ്ഥാനത്ത് ഇന്ന് രാത്രിയും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Published : Sep 14, 2026, 05:35 PM IST
kseb

Synopsis

വർധിച്ച വൈദ്യുതി ഉപഭോഗവും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും കാരണം സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 വരെ നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെ എസ് ഇ ബി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടിയ നിലയിൽ തുടരുന്നതിനാലും കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും മൂലം ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് വൈകുന്നേരം 06:15 മുതൽ രാത്രി 12:45 വരെയുള്ള സമയങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ എസ് ഇ ബി അധികൃതർ അറിയിച്ചു. എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും ഉയർന്ന താപനിലയും കാരണം മുൻവർഷങ്ങളിലെ സെപ്റ്റംബറിനേക്കാൾ 1100 മെഗാവാട്ടിന്റെ അധിക ആവശ്യകതയാണ് രേഖപ്പെടുത്തുന്നത്. 900 മെഗാ വാട്ടിന്റെ കുറവിനാണ് സാധ്യതയുള്ളത്. വായ്പ വഴിയുള്ള 200 മെഗാ വാട്ട് ഇന്നും കിട്ടില്ലെന്ന് വ്യക്തമായതോടെയാണ് പവർക്കട്ട് ഉണ്ടാകുമെന്ന അറിയിപ്പ്. വൈകുന്നേരം 6:15 മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളിലാണ് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.

അറിയിപ്പ് ഇപ്രകാരം

എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിൽ രേഖപ്പെടുത്തിയ പീക് ഡിമാൻഡിന് തുല്യമാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ഉപയോഗം കാരണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതൽ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതിൽ വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുകയാണ്. കൂടാതെ ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. സെൻട്രൽ ജനറേറ്റിംഗ് സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുകയാണ്. മധ്യപ്രദേശിൽ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതി ഇന്ന് ലഭിക്കില്ല. ആയതിനാൽ ഇന്ന് 200 മെഗാവാട്ടിന്റെ അധികകുറവുകൂടി അനുഭവപ്പെടുന്നുണ്ട്. എന്നാൽ നിരന്തരവും ഊർജ്ജിതവുമായ ശ്രമത്തെത്തുടർന്ന് 90 മെഗാവാട്ട് ഇന്ന് അധികമായി തരപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും നിലനിൽക്കുന്നതിനാൽ, 14.09.2026-(തിങ്കളാഴ്ച) വൈകുന്നേരം 06:15 PM മുതൽ രാത്രി 12:45 മണി വരെ ഉള്ള സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൂന്ന് വർഷത്തിൽ എഐ ക്യാമറയിൽ പതിഞ്ഞത് ഒന്നരക്കോടി നിയമലംഘനങ്ങൾ, പിഴ ചുമത്തിയത് 1000 കോടി; അടച്ചത് 365 കോടി മാത്രം
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകം; സഹപ്രവർത്തകൻ അറസ്റ്റിൽ