
തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ഗവർണർ നടപടിക്ക് ഒരുങ്ങുന്നു. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിൽ വിശദീകരണം തേടും. ചാൻസിലർക്കെതിരായ പ്രമേയത്തിന് വി സി അനുമതി നൽകിയത് ചട്ടവിരുദ്ധമെന്നാണ് വിലയിരുത്തൽ. രാജ്ഭവൻ നിയമ വിദഗ്ധരുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഔദ്യോഗികമായി വിശദീകരണം ചോദിച്ചിട്ടില്ലെന്ന് കണ്ണൂര്‍ സർവ്വകലാശാല അറിയിച്ചു.
ഗവർണർ - സർക്കാർ പോരില്‍ നിയമപരമായുള്ളത് നിയമപരമായി നേരിടുമെന്ന് സിപിഎം പിബി അംഗം എസ്. രാമചന്ദ്രൻ പിള്ള പറഞ്ഞിരുന്നു. ഫെഡറൽ തത്വങ്ങളുടെ ലംഘനമുണ്ടായാൽ അത് ജനങ്ങളോട് പറയുമെന്നും എസ് ആർ പി വ്യക്തമാക്കി. ഗവർണറുടെ ഇടപെടലുകൾക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് കേന്ദ്ര കമ്മറ്റി അംഗം തോമസ് ഐസക്ക് പറഞ്ഞു. ആർഎസ്എസിന് സർവകലാശാലകൾ വിട്ടുകൊടുക്കില്ല. നിയമപരമായും ജനകീയ പ്രതിരോധം ഒരുക്കിയും നേരിടും. ഭരണമില്ലാത്ത സ്ഥലത്ത് ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമാണ് ഗവർണർമാർ എന്നും ഐസക്ക് പരിഹസിച്ചു
മുഖ്യമന്ത്രിയുടെ പിന്തുണയും ഗവര്‍ണറുടെ പ്രീതിയും വേണം: നിലപാട് വ്യക്തമാക്കി രാജ്ഭവൻ, അടുത്ത നീക്കമെന്ത്?
ധനമന്ത്രിയിലുള്ള പ്രീതി പിൻവലിച്ച് ഗവർണ്ണർ. മന്ത്രിയിൽ പൂർണ്ണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്തെ അസാധാരണ പ്രതിസന്ധി തുടരുമ്പോൾ അടുത്ത സീൻ എന്തായിരിക്കുമെന്നാണ് പ്രധാന ആകാംക്ഷ. ബാലഗോപാലിനെതിരായ ഭരണഘടനാ പരമായ നടപടി എന്ന ഗവർണ്മറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിക്കളിഞ്ഞു. പക്ഷെ നിയമനഅധികാരിയായ ഗവർണ്ണറുടെ പ്രീതി നഷ്ടമായ മന്ത്രിക്ക് ഇനി തുടരാൻ നിയമപരമായ പ്രശ്നമുണ്ടോ... ഇങ്ങനെ പലതരത്തിലാണ് ചർച്ചകൾ നടക്കുന്നത്.
ഗവർണ്ണർ ചൂണ്ടിക്കാട്ടുന്നത് പോലെ രാജ്യോദ്രോഹക്കുറ്റമായി കണക്കാക്കാൻ പറ്റുന്ന ഒന്നല്ല പ്രസംഗമെന്ന് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാറും പ്രതിപക്ഷവും. ഗവർണ്ണറുടെ അധികാരത്തെ കുറിച്ചുള്ള മിക്ക കേസുകളിലും ജനകീയ സർക്കാറുകൾക്ക് അനുകൂലമാണ് കോടതി വിധികളെന്ന ആത്മവിശ്വാസവും സർക്കാറിനുണ്ട്. പക്ഷെ പ്രീതി പിൻവലിച്ച ഗവർണ്ണറുടെ നടപടി അസാധാരണ നിയമയുദ്ധത്തിന് വഴിതെളിക്കാനിടയുണ്ടെന്ന് സർക്കാർ കരുതുന്നു.
ഗവർണ്ണർ പ്രീതി പിൻവലിച്ച മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിച്ചാൽ എന്താകും സ്ഥിതി എന്നതിനെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ട്. ഇതേക്കുറിച്ച് സർക്കാർ ഇതിനകം നിയമവിദഗ്ധരുമായി കൂടിയാലോചന തുടങ്ങിക്കഴിഞ്ഞു. ഭരണഘടനാ ബെഞ്ച് വരെ നീളാവുന്ന കേസായി വരെ ഇതു മാറാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുണ്ട്. അതേ സമയം പ്ളഷർ പിൻവലിച്ചത് വ്യക്തിപരമല്ലെന്നും വിശദമായ പരിശോധനക്ക് ശേഷമാണെന്നും രാജ്ഭവൻ വിശദീകരിക്കുന്നു. രാഷ്ട്രീയനേതാക്കൾക്ക് ഗവർണ്ണറെ വിമർശിക്കാം. പക്ഷെ ഗവർണ്ണർ നിയമിച്ച മന്ത്രിമാർക്ക് ആ വിമർശനം പറ്റില്ലെന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേശത്തിനൊപ്പം ഒരു മന്ത്രിക്ക് അധികാരത്തിൽ തുടരാൻ ഗവർണ്ണറുടെ പ്രീതി കൂടി നിർബന്ധമാണെന്ന് ആവർത്തിക്കുന്ന രാജ്ഭവൻ്റെ തുടർനീക്കങ്ങളിലും സസ്പെൻസ് തുടരുകയാണ്.