പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; പൊലീസുകാരന് സസ്പെൻഷൻ; ക്രൈംബ്രാഞ്ച് കേസെടുത്തു

By Web TeamFirst Published May 9, 2019, 10:34 PM IST
Highlights

തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. 'ശ്രീപത്മനാഭ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. 

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ സസ്പെൻഡ് ചെയ്തു. വോട്ടുകൾ നൽകാൻ നിർബന്ധിച്ചത് വൈശാഖാണെന്നാണ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും മറ്റുള്ളവർക്കെതിരെയുള്ള നടപടി.

 ഐ ജി ശ്രീജിത്തിന്റെ നിരീക്ഷണത്തിലായിരിക്കും ക്രൈംബ്രാഞ്ച് അന്വേഷണം. തിരിമറിയിലെ പ്രധാന തെളിവായ വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. 'ശ്രീപത്മനാഭ' എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് നശിപ്പിച്ചത്. ഈ ഗ്രൂപ്പിലാണ് പോസ്റ്റൽവോട്ട് ശേഖരിക്കാനുള്ള ശബ്ദരേഖ അയച്ചത്. 

പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ ഇടത് അനുകൂല അസോസിയേഷൻ കൈക്കലാക്കി എന്നതാണ് ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. അസോസിയേഷൻ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റൽ ബാലറ്റുകൾ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു.

click me!