'സംസ്ഥാന കമ്മിറ്റി ഓഫിസ് നിര്‍മാണത്തിന്‍റെ മറവില്‍ വീട് നിര്‍മിച്ചു'; ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍

By Web TeamFirst Published Sep 26, 2022, 8:34 AM IST
Highlights

സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം.

തിരുവനന്തപുരം:  ദേശീയ അധ്യക്ഷന്‍ നദ്ദ തിരുവനന്തപുരത്ത് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യാനിരിക്കെ ജില്ലയിലെ പ്രധാന നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍.  ബിജെപി നേതാക്കൾക്കെതിരെ തിരുവനന്തപുരത്ത് പോസ്റ്റർ. സേവ് ബിജെപി ഫോറം എന്ന പേരിലാണ് പോസ്റ്റർ. വി വി രാജേഷ്, സി ശിവൻകുട്ടി, എം ഗണേശൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന കമ്മിറ്റി ഓഫീസ് കെട്ടിട നിർമാണത്തിന്‍റെ മറവിൽ വീട് നിർമ്മിച്ച നേതാവിനെതിരെ നടപടി വേണമെന്നാണ് പോസ്റ്ററിലെ ആവശ്യം.

വി വി രാജേഷ് , സി ശിവൻകുട്ടി , എം ഗണേശൻ എന്നിവർ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.  ഇവർക്കെതിരെ പാർട്ടി തല അന്വേഷണം വേണം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയം. ഇംഗ്ലീഷിലും മലയാളത്തിലും എഴുതി,  ജില്ലാ കമ്മിറ്റി ഓഫീസ്, സംസ്ഥാന കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളിൽ പോസ്റ്റർ പതിപ്പിച്ചു. രാത്രി സ്ഥാപിച്ച പോസ്റ്റർ രാവിലെ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. 

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദ കേരളത്തിലെത്തിയത്.  കേരളത്തില്‍ ബിജെപിക്ക് പ്രതീക്ഷിച്ച വളര്‍ച്ചയുണ്ടാകാത്തതില്‍ പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്ര നേതാക്കള്‍ക്ക് വലിയ അതൃപ്കിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്  ദേശിയ അദ്ധ്യക്ഷന്‍ കേരളത്തില്‍ എത്തിയിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും രക്ഷപ്പെടാത്ത കേരളത്തിലെ പാര്‍ട്ടിയുടെ ദയനീവാസ്ഥ നേരിട്ടറിയാനാണ് ദേശീയ അധ്യക്ഷന്‍ തിരക്കിട്ട് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്.

അടുത്തിടെ കേരളത്തിലെത്തിയ പ്രധാനമന്ത്രിക്ക് സംസ്ഥാന ഘടകത്തെ കുറിച്ച്  കിട്ടിയതും നല്ല റിപ്പോര്‍ട്ടുകളല്ല. വിശ്വാസ്യതയുള്ള നേതൃത്വം ഇല്ലെന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രധാനവെല്ലുവിളിയെന്നാണ് ഒരു വിഭാഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി കടുത്ത അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കൂടിയാണ് നദ്ദയുടെ സന്ദര്‍ശനം.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന സീറ്റ് പോയി. എപ്ലസ് എന്ന വിലയിരുത്തിയ മണ്ഡലങ്ങളിലെ ജനപിന്തുണയും  കുറയുന്നു. സംസ്ഥാന അധ്യക്ഷനും മകനും വിവാദങ്ങളില്‍പെട്ടു. കെ സുരേന്ദ്രന്‍റെ മകന്‍റെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെട്ട വിവരങ്ങളിലും  ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ലൗ ജിഹാദ് അടക്കമുള്ള വിഷയങ്ങളില്‍ പല ക്രിസ്ത്യന്‍ സഭകൾക്കും പാർട്ടി നിലപാടിനോട് യോജിപ്പുണ്ട്. പക്ഷേ ഈ സാഹചര്യം മുതലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്. 

click me!