
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് (Karuvannur Bank) തട്ടിപ്പിൽ ജയിലിൽ കഴിയുന്ന ഭരണ സമിതി അംഗങ്ങളെ ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റർ പ്രചാരണം. ഇരിങ്ങാലക്കുടയിൽ ജനകീയ സമതിയുടെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കൊള്ള നടത്തിയ യഥാർഥ പ്രതികളെ ശിക്ഷിക്കുക, നിരപരാധികളായ ഭരണസമിതിയംഗങ്ങളെ ജയിലിൽനിന്ന് മോചിപ്പിക്കുക, നിരപരാധികളെ ബലിയാടാക്കി അവരുടെ കുടുംബങ്ങളെ തകർക്കുന്ന നടപടിയിൽനിന്ന് സർക്കാർ പിന്മാറുക തുടങ്ങിയവയാണ് പോസ്റ്ററിലെ ആവശ്യങ്ങൾ.
നിക്ഷേപകരുടെ ആശങ്ക പരിഹരിക്കണമെന്നും സാധാരണക്കാരുടെ നിക്ഷേപത്തിന് സർക്കാർ ഉറപ്പുനൽകണമെന്നും പോസ്റ്ററിലുണ്ട്. കേസിൽ അറസ്റ്റിലായ ആർക്കും ഇതുവരെയും ജാമ്യം കിട്ടിയിട്ടില്ല. സിപിഎം പ്രവർത്തകരായ ഭരണസമിതിയംഗങ്ങൾക്കുവേണ്ടി പാർട്ടിയുടെ നേതൃത്വത്തിലാണ് പോസ്റ്റർ പ്രചാരണം നടത്തുന്നതെന്നാണ് കോൺഗ്രസിന്റെയും ബിജെപിയുടേയും ആരോപണം.
അതിനിടെ ഇരിങ്ങാലക്കുട കരിവന്നൂർ മേഖലകളിൽ ഡിവൈഎഫ്ഐ പൊതുജനങ്ങൾക്കായി സംഘടിപ്പിക്കുന്ന പല പരിപാടികളിലും വലിയ പ്രതിഷേധമാണ് നിക്ഷേപകർ ഉയർത്തുന്നത്. ക്രിസ്മസിന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മറ്റി ഓഫീസ് നിർമ്മാണ ഫണ്ട് ശേഖരണത്തിന് പായസ വിൽപന നടത്തുന്നുവെന്ന് സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ കരുവന്നൂരിലെ നിക്ഷേപകരെ സഹായിക്കാനാണ് മേള നടത്തേണ്ടതെന്നും പണം നഷ്ടമായവർ എങ്ങിനെ പായസം കുടിച്ച് ക്രിസ്മസ് ആഘോഷിക്കുമെന്നും മറുചോദ്യം സമൂഹ മാധ്യമങ്ങളിലടക്കം ഉയർന്നു. ഇതോടെ പാർട്ടി ഓഫീസ് നിർമ്മാണത്തിന് പായസമേള എന്നത് മാറ്റി മായം ചേർക്കാത്ത പായസം വീട്ടിലെത്തിച്ചു നൽകുമെന്നാക്കി തിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam