
കൊച്ചി: കൊച്ചി കാക്കനാട് മരിച്ച നിലയിൽ കണ്ടെത്തിയ ജിഎസ്ടി അഡീഷണൽ കമ്മീഷണറുടേയും കുടുംബത്തിന്റേയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ജാർഖണ്ഡ് സ്വദേശികളായ മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, അമ്മ ശകുന്തള അഗർവാൾ എന്നിവരെയാണ് കസ്റ്റംസ് കോട്ടേഴ്സിനകത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിൽ എഴുതിയ കുറിപ്പും കണ്ടെത്തി. ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവൻ ഒടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഒരാഴ്ചയായി മനീഷ് ഓഫീസിലെത്തിയിട്ടില്ലായിരുന്നു. അന്വേഷിച്ചെത്തിയപ്പോഴാണ് വീടിനകത്ത് തൂങ്ങിയ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടത്. പ്രദേശത്ത് ദുർഗന്ധം ഉണ്ടായിരുന്നു. ആദ്യഘട്ടത്തിൽ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അയൽക്കാരുമായി ബന്ധം സൂക്ഷിക്കുന്നവരായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. അമ്മയെ കൊലപ്പെടുത്തി മനീഷും സഹോദരിയും ആത്മഹത്യ ചെയ്തിരിക്കാമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിൽ ഹിന്ദിയിൽ ഉള്ള വരികളാണുളളത്. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാമ് കുറിപ്പിലുള്ളത്. മനീഷിന്‍റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam