അമ്മ ശിശുക്ഷേമസമിതിയെ ഏൽപിച്ച കുഞ്ഞുങ്ങൾ ഇന്നുമുതൽ സ്കൂളിൽ പോകും

By Web TeamFirst Published Dec 4, 2019, 6:56 AM IST
Highlights

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്.

തിരുവനന്തപുരത്ത്: പട്ടിണി മൂലം അമ്മ ശിശുക്ഷേമസമിതിയെ ഏൽപിച്ച കുഞ്ഞുങ്ങൾ ഇന്നുമുതൽ സ്കൂളിൽ പോകും. അതേസമയം സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയാണ്. കുട്ടികൾ മണ്ണ് തിന്നിരുന്നു എന്നത് കേട്ടുകേൾവി മാത്രമാണെന്നും സംഭവത്തിൽ ഗൂഡാലോചനയുണ്ടെന്നും ബാലാവകാശ കമ്മീഷൻ ചെയർമാൻ, ന്യൂസ് അവറിൽ പ്രതികരിച്ചു.

കൈതമുക്കിൽ അതിദാരുണമായ സാഹചര്യത്തിൽ കഴിഞ്ഞ കുടുംബത്തിലെ കുട്ടികൾ പട്ടിണി മാറ്റാൻ മണ്ണ് തിന്നിരുന്നു എന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ് ശിശുക്ഷേമ സമിതി. എന്നാൽ ഈ കണ്ടെത്തൽ ബാലാവകാശ കമ്മീഷൻ പൂർണമായും തള്ളുന്നു. കുട്ടികൾ മണ്ണ് കഴിച്ചിരുന്നു എന്ന് പരാതയിൽ എഴുതിച്ചേർത്ത് അമ്മയുടെ ഒപ്പിട്ട് വാങ്ങി, ശിശുക്ഷേമ സമിതി

തെറ്റായ മൊഴിയുണ്ടാക്കിയെന്നാണ് ബാലാവകാശ കമ്മീഷന്‍റെ ആരോപണം. കുടുംബം പട്ടിണിയിൽ ആയിരുന്നില്ലെന്നും ഇക്കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ടെന്നും കമ്മീഷൻ ചെയർമാൻ സുരേഷ് ന്യൂസ് അവറിൽ പ്രതികരിച്ചു

എന്നാൽ കുടുംബം കൊടുംപട്ടിണിയിലായിരുന്നു എന്ന കണ്ടെത്തലിൽ ഉറച്ചുനിൽക്കുകയാണ് ശിശുക്ഷേമ സമിതി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാൽ കുട്ടികളെ ഇന്ന് സ്കൂളിലയക്കും. ഇവരുടെ ആരോഗ്യപരിശോധന പൂർത്തിയായിട്ടുണ്ട്. രണ്ട് കുട്ടികൾക്ക് അണുബാധയുണ്ട്.

അച്ഛന്‍ ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസെടുക്കാൻ ശിശുക്ഷേമ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്. എന്നാൽ ഇതുവരെയും നടപടികളായിട്ടില്ല. അമ്മയ്ക്ക് നഗരസഭ ശുചീകരണ വിഭാഗത്തിൽ താൽക്കാലികമായി ജോലി നൽകിയുള്ള കത്തും റേഷൻകാർഡും ഇന്നലെ കൈമാറിയിരുന്നു.

click me!