
തിരുവനന്തപുരം: കേരളം നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത വൈദ്യുതി പ്രതിസന്ധിയെന്ന് കെഎസ്ഇബി ചെയര്‍മാൻ എം ജി രാജമാണിക്യം. ഈ സമയത്ത് 5000 മെഗാവാട്ട് വരെ വൈദ്യുതി ഉപയോഗം ഉയരുമെന്ന് പ്രതീക്ഷിച്ചില്ല. പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം കഴിഞ്ഞ പത്തുവര്‍ഷം ഒരു പ്രശ്നവുമുണ്ടായില്ലെന്നും സര്‍ക്കാര്‍ മുൻകൂര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമര്‍ശിച്ചു.
ജുലൈയിൽ കെഎസ്ഇബി കണക്കു കൂട്ടിയത് 4000 മെഗാവാട്ട് ഉപയോഗം. മുമ്പെങ്ങുമില്ലാത്ത വിധം പീക്ക് സമയത്ത് 4900 മെഗാവാട്ട് മുകളിൽ ഉപയോഗം ഉയര്‍ന്നു. എൽനിനോ കാരണം പുറത്തു നിന്നും വൈദ്യുതി കിട്ടാനില്ല. ഈ സ്ഥിതി മാറാതെ പവര്‍ കട്ട് മാറില്ലെന്ന് വ്യക്തമാക്കുകയാണ് കെഎസ്ഇബി ചെയര്‍മാൻ. മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതിൽ കെഎസ്ഇബി വീഴ്ചയുണ്ടായിട്ടില്ല. ഭരണ മാറ്റം ബാധിച്ചിട്ടില്ല. ഉപഭോക്താക്കള്‍ ഉത്തരവാദിത്തതോടെ വൈദ്യുതി ഉപയോഗിക്കുകയും കൂടി ചെയ്താലെ പ്രതിസന്ധി കടക്കാനാകൂ. ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതിന്‍റെ ഭാരം വരുംകാലത്ത് ഉപഭോക്താക്കളും വഹിക്കേണ്ടി വരുമെന്ന് സൂചനയും കെഎസ്ഇബി നൽകുന്നു.
കുറഞ്ഞ വിലയ്ക്ക് വൈദ്യുതി കിട്ടാൻ യുഡിഎഫ് കാലത്തുണ്ടാക്കിയ ദീര്‍ഘകാല കരാര്‍ 2023 ൽ റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി കടക്കമായിരുന്നുവെന്ന മന്ത്രിയുടെ വാദം കെഎസ്ഇബി ചെയര്‍മാൻ ശരിവച്ചു. ചീമേനിയിലെ ആണവ നിലയത്തിന്‍റെ കാര്യത്തിൽ സര്‍ക്കാര്‍ നയം അനുസരിച്ചു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തങ്ങളുടെ ഭരണ കാലത്ത് വൈദ്യുതി നിയന്ത്രണമുണ്ടായില്ലെന്ന വാദവുമായി സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. യുഡിഎഫ് കാലത്തെ കരാര്‍ നല്ലതായിരുന്നില്ല.ആണവ നിലയം സ്ഥാപിക്കൽ കേരളത്തിൽ നടക്കില്ല . ചീമനേി ആണവ നിലയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam