K. K. Shailaja : പിപിഇ കിറ്റിന് അധിക വില, കെകെ ശൈലജയുടെ വാദം പൊളിയുന്നു, തെളിവ് വിവരാവകാശ രേഖകള്‍

Published : Dec 25, 2021, 08:39 AM ISTUpdated : Dec 25, 2021, 08:47 AM IST
K. K. Shailaja  : പിപിഇ കിറ്റിന് അധിക വില, കെകെ ശൈലജയുടെ വാദം പൊളിയുന്നു, തെളിവ് വിവരാവകാശ രേഖകള്‍

Synopsis

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ (KK Shailaja) വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു.

തിരുവനന്തപുരം: കൊവിഡ് (Covid 19) കാലത്ത് പിപിഇ കിറ്റ് (PPE Kit) കിട്ടാനില്ലാത്തതിനാല്‍ 1500 രൂപയുടേത് വാങ്ങേണ്ടി വന്നെന്നും പിന്നീടാണ് 500 രൂപയ്ക്ക് കിട്ടിയതെന്നുമുള്ള മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ (KK Shailaja) വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു. ഏഷ്യാനെറ്റ്ന്യൂസിന്‍റെ 'കൊവിഡ് കൊള്ള' വാര്‍ത്താ പരമ്പരയെക്കുറിച്ചുള്ള മുൻ മന്ത്രിയുടെ വാദം പൊളിക്കുന്നതാണ് രേഖകൾ. 

പിപിഇ കിറ്റ് എല്ലാ സമയത്തും സര്‍ക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ച് കൊടുത്തിരുന്നു എന്നാണ് 550 രൂപയ്ക്ക് കിറ്റ് വിതരണം ചെയ്ത കൊച്ചിയിലെ കെയ്റോണ്‍ കമ്പനിയുടെ പ്രതിനിധികള്‍ ഏഷ്യാനെറ്റ്ന്യൂസിനോട് വിശദീകരിച്ചത്. മാര്‍ക്കറ്റിലേക്ക് ധാരാളം പിപിഇ കിറ്റുകൾ വന്ന ശേഷമല്ല 550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയതെന്നതിന്റെ തെളിവാണ് വിവരാവകാശ രേഖകൾ. ആദ്യം വാങ്ങിയത് 550 രൂപയുടെ പിപിഇ കിറ്റ് ആണ്. അതിന്‍റെ അടുത്ത ദിവസമാണ് 1550 രൂപയുടെ പിപിഇ കിറ്റ് വാങ്ങിയത് എന്നാണ് വിവരാവകാശ രേഖകളിലുള്ളത്. 

2020 ജനുവരി 30 ന് കൊച്ചിയിലെ കെയ്റോണ്‍ കമ്പനിയോട് പിപിഇ കിറ്റിന് ആവശ്യപ്പെട്ടു. ഒരു കിറ്റിന് 550 രൂപയായിരുന്നു വില. ആ ഫയല്‍ ഇഴഞ്ഞ് നീങ്ങി രണ്ട് മാസത്തിന് ശേഷം മാര്‍ച്ച് 29 ന് പര്‍ചേസ് ഓര്‍ഡര്‍ നല്‍കി. 550 രൂപയ്ക്ക് പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുത്തതിന്‍റെ തൊട്ടടുത്ത ദിവസമാണ് മഹാരാഷ്ട്രാ ആസ്ഥാനമായ സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് കമ്പനിക്ക് 1550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. 550 രൂപയുടെ പിപിഇ കിറ്റിന് ഓര്‍ഡറാവാന്‍ രണ്ട് മാസമെടുത്തപ്പോള്‍ 1550 രൂപയുടെ കിറ്റ് വാങ്ങാന്‍ വേണ്ടി വന്നത് ഒരേയൊരു ദിവസം. സാന്‍ഫാര്‍മയുടെ പേരോ എത്ര രൂപയുടെ പിപിഇ കിറ്റ് വാങ്ങിയെന്നോ കൊവിഡ് പര്‍ചേസ് കണക്കില്‍ എവിടെയും രേഖപ്പെടുത്തിയില്ല എന്നതാണ് ദുരൂഹം. സര്‍ക്കാര്‍ ആവശ്യപ്പെട്ട പിപിഇ കിറ്റ് എല്ലാം സമയബന്ധിതമായി നൽകിയിരുന്നുവെന്നാണ് 550 രൂപയ്ക്ക് കിറ്റ്നല്‍കിയ കെയ്റോണിന്‍റെ പ്രതിനിധികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

കൊവിഡ് കണക്കിന്‍റെ വിവരാവകാശ രേഖയിലും അത് വ്യക്തമാകുന്നുണ്ട്. 550 രൂപയ്ക്ക് കിറ്റ് വാങ്ങിയ കെയ്റോണില്‍ നിന്ന് 27 കോടി രൂപയുടെ പിപിഇ കിറ്റ് വാങ്ങിയിരുന്നു എന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. 550 രൂപയ്ക്ക് പിപിഇ കിറ്റ് ഇഷ്ടം പോലെ കിട്ടുമായിരുന്ന സമയത്തും ധൃതി പിടിച്ച് എന്തിന് 1550 രൂപയ്ക്ക് വാങ്ങിയെന്നതിൽ ഇനിയും വ്യക്തതയില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിർണായക നീക്കം നടത്തിയത് അമിത് ഷാ, തിരുവനന്തപുരത്തെത്തിയപ്പോൾ സാബു ജേക്കബുമായി കൂടിക്കാഴ്ച നടത്തി; നാളെ പ്രധാനമന്ത്രിക്കൊപ്പം വേദിയിലെത്തും
ട്വന്റി 20യുടെ എൻഡിഎ പ്രവേശനം: സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖർ; ജീവിതത്തിലെ ഏറ്റവും നിർണായക തീരുമാനമെന്ന് സാബു ജേക്കബ്