
തൃശ്ശൂര്‍; സ്വര്‍ണ്ണകടത്തുകേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പടുത്തലുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുകയാണ്. അതിനിടെ മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് രംഗത്തെത്തി.അർഥശൂന്യമായ വിവാദമുണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രതിപക്ഷം. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമുണ്ടായതാണ്.സ്വർണ്ണക്കടത്ത് ചർച ചെയ്ത കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധിയുണ്ടായി.ഇപ്പോഴത്തേക്ക് പിണറായിയെ ലക്ഷ്യം വച്ചുള്ള നീക്കം.ജനങ്ങൾക്കിടയിൽ സി പി എം വസ്തുത അവതരിപ്പിക്കുമെന്നും കാരാട്ട് വ്യക്തമാക്കി.
ജനത്തെ വലച്ച് മുഖ്യമന്ത്രിയുടെ അസാധാരണ സുരക്ഷ, ഹോട്ടലുകൾ അടപ്പിച്ചു, കറുത്ത മാസ്ക് അഴിപ്പിച്ചു, കരുതൽ തടങ്കൽ
പൊതുജനങ്ങളെ വലച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ സുരക്ഷ. . പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് കാവലാണ് ഒരുക്കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡ് അടച്ചു. പൊതുജനങ്ങൾ ബദൽ റോഡിലൂടെ കടന്ന് പോകണമെന്നാണ് നിർദ്ദേശം. അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ മലപ്പുറത്തും പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു. തവനൂരിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കെത്തിയ ആളുകളുടെ കറുത്ത മാസ്ക്ക് പൊലീസ് ഉദ്യോഗസ്ഥർ അഴിപ്പിച്ചത്. പകരം മറ്റ് നിറങ്ങളിലുള്ള മാസ്ക്കുകൾ പൊലീസ് നൽകുന്നുണ്ട്. ഒരു വയോധികന്റെ കറുത്ത മാസ്ക്ക് ഊരി വാങ്ങി പൊലീസ് പകരം മഞ്ഞ മാസ്ക്ക് ധരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. സുരക്ഷ പരിശോധനയുടെ ദൃശ്യങ്ങൾ എടുക്കരുതെന്നും പൊലീസ് നിർദ്ദേശിച്ചു. മാസ്ക് മാറ്റിയ നടപടിക്ക് എതിരെ കളക്ടർക്ക് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം? മാസ്ക് അഴിപ്പിക്കലിനെ ന്യായീകരിച്ച് ഇ പി ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിൽ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കറുത്ത മാസ്ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധം. കറുത്ത ഷർട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ പി ജയരാജൻ ചോദിച്ചു.
കൊച്ചിയിൽ കറുത്ത വസ്ത്രം ധരിച്ചതിന് ട്രാൻസ്ജെന്റർ വ്യക്തികളെ കസ്റ്റഡിയിലെടുത്ത നടപടിയെയും ജയരാജൻ ന്യായീകരിച്ചു. അവർ പാവങ്ങളാണ്, അവരെ കൊണ്ടുവന്നത് ബിജെപിക്കാരാണ്. ട്രാൻസ്ജന്ററുകളോട് ആർഎസ്എസ് കാണിക്കുകയാണ്. അന്താരാഷ്ട്ര കുറ്റവാളികളെ സംരക്ഷിക്കുന്ന സ്ഥാപനമാണ് എച്ച്ആർഡിഎസ്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ എൽഡിഎഫ് ആയിരുന്നു പ്രതിപക്ഷം. എൽഡിഎഫ് അക്രമം കാണിക്കില്ല. അക്രമമാണോ ജനാധിപത്യമെന്നും ഇ പി ജയരാജൻ അഭിപ്രായപ്പെട്ടു
'മാസ്ക്ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നു'; മുഖ്യമന്ത്രിക്ക് ആവശ്യമായ സുരക്ഷ വേണമെന്ന് എം വി ഗോവിന്ദന്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരിൽ പൊതുജനങ്ങളെ കറുത്ത മാസ്ക് ധരിക്കുന്നതിനെ വിലക്കുന്ന നടപടിയെ ന്യായീകരിച്ച് മന്ത്രി എംവി ഗോവിന്ദനും രംഗത്തെത്തി.മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സുരക്ഷ നൽകേണ്ട സന്ദർഭത്തിൽ അത് വേണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam