
ആലപ്പുഴ: നെതര്‍ലന്‍റ്സ് രാജാവിന്‍റെയും രാജ്ഞിയുടെയും കുട്ടനാട് സന്ദർശനാവശ്യത്തിന് എടുത്ത ബോട്ടുകളുടെ വാടക രണ്ടര വര്‍ഷം കഴിഞ്ഞിട്ടും നൽകാതെ സംസ്ഥാന സര്‍ക്കാര്‍. സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത പതിനൊന്ന് ബോട്ടുടമകള്‍ വാടകയാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
2018 ലെ മഹാ പ്രളയത്തിന് പിന്നാലെയാണ് റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നെതര്‍ലന്‍റ്സ് സന്ദര്‍ശിച്ചത്. നെതര്‍ലന്‍റ്സ് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നത് എങ്ങനെയെന്ന് നേരിട്ട് പഠിക്കാനായിരുന്നു സന്ദര്‍ശനം. മടങ്ങുമ്പോൾ നെതര്‍ലന്റ്സ് രാജാവിനെയും രാഞ്ജിയേയും കേരളത്തിലേക്ക് ക്ഷണിച്ചു. കുട്ടനാട് സന്ദര്‍ശത്തിനായിരുന്നു പ്രധാനമായും രാജാവും സംഘവുമെത്തിയത്. ഇവര്‍ക്ക് സഞ്ചരിക്കാൻ വേണ്ടി കുട്ടനാട്ടില്‍ 11 ബോട്ടുകളാണ് ഏര്‍പ്പാടാക്കിയിരുന്നത്. അലങ്കരിച്ചവയും അല്ലാത്തവയും ഉള്‍പ്പെടെയാണ് ബോട്ടുകൾ സജ്ജീകരിച്ചത്.
ആലപ്പുഴ പോര്‍ട്ട് ഓഫീസറായിരുന്നു ബോട്ടുടമകളുമായി കരാര്‍ ഉണ്ടാക്കിയത്. കാഴ്ചകളെല്ലാം കണ്ട് രാജാവും സംഘവും മടങ്ങിയിട്ട് രണ്ടര വര്‍ഷം കഴിഞ്ഞെങ്കിലും പക്ഷെ ഇന്നും ഒരു പൈസ പോലും ഈ ബോട്ടുമകള്‍ക്ക് നൽകിയിട്ടില്ല. ഒടുവിൽ സഹികെട്ടാണ് ബോട്ടുടമകള്‍ ഇപ്പോള്‍ ഹൈക്കോടതിയുടെ വാതിൽക്കൽ മുട്ടിയിരിക്കുന്നത്. ഹൈക്കോടതി താമസിയാതെ ഹര്‍ജി പരിഗണിക്കും. കോടതിയിടപെടലിൽ വാടക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുടമകൾ.
പിണറായി വിജയനെതിരെ 'പ്രതീകാത്മക ലുക്കൗട്ട് നോട്ടീസ്' ഇറക്കി മുസ്‍ലിം യൂത്ത് ലീഗ് പ്രതിഷേധം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam