
കോഴിക്കോട്: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കുറ്റം നിഷേധിച്ച് പ്രമോദ് കൂട്ടോളി. താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത് ആര്‍ക്ക് എപ്പോൾ എവിടെ വച്ച് പണം കൊടുത്തുവെന്ന് പരാതിക്കാരനും പാര്‍ട്ടിയും വ്യക്തമാക്കണം. ഈ സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അമ്മയെയും കൂട്ടി പരാതിക്കാരൻ്റെ വീടിന് മുന്നിൽ സമരമിരിക്കും. ഈ കാര്യത്തിൽ എനിക്കെൻ്റെ അമ്മയെ ബോധ്യപ്പെടുത്തണമെന്നും അതിനായാണ് താൻ പരാതിക്കാരൻ്റെ വീടിന് മുന്നിലേക്ക് സമരത്തിനായി പോകുന്നതെന്നും പ്രമോദ് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കി.
ഈ സംഭവത്തിൽ എല്ലാ തരത്തിലുള്ള അന്വേഷണവും നടത്തണം. അതിനായി വ്യക്തിയെന്ന നിലയിൽ പരാതി കൊടുക്കും. പാര്‍ട്ടി എനിക്ക് ജീവനാണ്, രക്ഷിതാവിനെ പോലെയാണ്. താൻ തെറ്റിദ്ധരിക്കപ്പെട്ടുപോയോ എന്ന് പരിശോധിക്കണം. ഒരാഴ്ചയായി തനിക്കെതിരെ ആക്രമണം നടക്കുന്നുണ്ട്. എനിക്കാരെയും തോൽപ്പിക്കേണ്ട. എന്റെ പ്രസ്ഥാനം തോറ്റ് കാണരുത്, അതെനിക്ക് ഇഷ്ടമല്ല. എന്നാൽ എൻ്റെ അമ്മയാരുടെയും മുന്നിൽ തല കുനിക്കരുത്. അതിനായാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. ഇദ്ദേഹം സിപിഎം ഏരിയാ കമ്മിറ്റി അംഗമായിരുന്നു. ഇന്ന് ചേര്‍ന്ന പാര്‍ട്ടി ഏരിയാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതാക്കൾ ഉൾപ്പടെ പങ്കെടുത്ത് പ്രമോദിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ താൻ ആരിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും അവിഹിതമായി ഒന്നും സമ്പാദിച്ചിട്ടില്ലെന്നും പറഞ്ഞ പ്രമോദ്, പാര്‍ട്ടി നടപടിക്ക് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചു. പണം ആര് ആർക്ക് എപ്പോൾ എവിടെ വച്ച് കൊടുത്തു എന്ന് എഴുതിയ കടലാസ് പോസ്റ്ററുമായാണ് പ്രമോദ് അമ്മയ്ക്ക് ഒപ്പം സമരമിരിക്കാനായി പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam