
തിരുവനന്തപുരം: എണ്ണം പറഞ്ഞ രാഷ്ട്രീയ വ്യക്തിത്വത്തിൽ നിന്ന് ഇന്ത്യയുടെ പ്രഥമ പൗരനായി ഉയരങ്ങൾ കീഴടക്കിയ പ്രണബ് മുഖര്‍ജി കേരളവുമായി എല്ലാലത്തും സൂക്ഷിച്ചിരുന്നത് വളരെ അടുത്ത ബന്ധമാണ്. തെക്കേ അറ്റത്ത് കിടക്കുന്ന കുഞ്ഞു സംസ്ഥാനത്തിന്‍റെ വികസന വിഷയങ്ങളിൽ എന്നും ശ്രദ്ധാലുവായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ വികസന നേട്ടങ്ങളിൽ ചുവപ്പുനാടക്കുരുക്ക് വീഴാതെ നോക്കാൻ നിര്‍ണായക ഇടപെടലുകളാണ് പ്രണബ് മുഖര്‍ജിയുടെ ഭാഗത്ത് നിന്ന് എന്നും ഉണ്ടായിട്ടുള്ളത്.
നെടുമ്പാശ്ശേരി വിമാനത്താവളം, കൊച്ചി മെട്രോ, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ അങ്ങനെ സംസ്ഥാനത്തിന്‍റെ സ്വപ്ന പദ്ധതികളുടെ എല്ലാം നടത്തിപ്പുകാലത്ത് കേരള താൽപര്യങ്ങൾ കേന്ദ്രത്തിൽ ഉയര്‍ത്തിപ്പിടിക്കാനും അതിന് വേണ്ട ഇടപെടലുകൾ നടത്താനും എന്നും പ്രണബ് മുഖർജി മുന്നിലുണ്ടായിരുന്നു. ധനമന്ത്രിയായിരിക്കെയും അല്ലാത്തപ്പോഴുമെല്ലാം വികസന പദ്ധതികളുടെ കാവലാളായിരുന്നു അദ്ദേഹം.
കേരളത്തിൽ നിന്നുള്ള ജനപ്രനിധികളോടും അദ്ദേഹം ഏറെ അടുപ്പവും വാത്സല്യവും നൽകിയിരുന്നു, മന്ത്രിസഭയിലെത്തുന്ന പുതുമുഖങ്ങള്‍ക്ക് ഭരണ രീതികള്‍ ഒരു അധ്യാപകന്‍റെ സൂക്ഷ്മതയോടെ അദ്ദേഹം മനസ്സിലാക്കി കൊടുത്തു. സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂത്ത് നിന്ന കാലത്ത് കേന്ദ്ര നേതൃത്വം നടത്തിയ അനുനയ ശ്രമങ്ങളിൽ പ്രണബ് മുഖര്‍ജിയും പങ്കാളിയായിരുന്നു. കെ കരുണാകരന്‍ അപ്രസക്തനായ ഘട്ടത്തില്‍ അദ്ദേഹത്തെ ദില്ലിയിലേക്ക് ക്ഷണിച്ച് ദേശീയ രാഷ്ട്രീയത്തിന്‍റെ ഭാഗമാകാന്‍ പ്രണബ് മുഖര്‍ജി നിര്‍ദ്ദേശിച്ചിരുന്നു.
രാഷ്ട്രപതിയായ ശേഷം ഏറ്റവുമൊടുവില്‍ കേരളത്തിലെത്തിയതും സംസ്ഥാനത്തിന്‍റെ വികസനപദ്ധതികള്‍ക്ക് തുടക്കമിടാനായിരുന്നു. ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കിനും, ജെന്‍ഡര്‍ പാര്‍ക്കിനും, മുസിരിസ് പൈതൃക പദ്ധതിക്കുമൊക്കെ അദ്ദേഹം തിരിതെളിച്ചു. വിശ്രമജീവിതത്തിനിടെ ഒരിക്കല്‍ കൂടി കേരളം ആസ്വദിക്കാനെത്തണം എന്ന ആഗ്രഹം ബാക്കി വച്ചാണ് പ്രണബ് മുഖര്‍ജിയുടെ മടക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam