'അവരെ സഖാവ് എന്ന് വിളിക്കാന്‍ അറയ്ക്കും'; 'കമന്‍റ്' വിഷയത്തില്‍ പ്രതിഭ എംഎല്‍എ

Published : May 14, 2019, 05:12 PM IST
'അവരെ സഖാവ് എന്ന് വിളിക്കാന്‍ അറയ്ക്കും'; 'കമന്‍റ്' വിഷയത്തില്‍ പ്രതിഭ എംഎല്‍എ

Synopsis

മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് പ്രതിഭ കുറിച്ചു. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജ സഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു

കായംകുളം: ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ കമന്‍റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ. വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞ ശേഷമാണ് ഇനി കൂടുതൽ പറയുന്നില്ലെന്നും ഇവിടെ നിർത്തുകയാണെന്നും പ്രതിഭ വ്യക്തമാക്കിയത്.

മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക് മനസിലാക്കാന്‍ കഴിയുമെന്ന് പ്രതിഭ കുറിച്ചു. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോള്‍ കുറച്ച് വ്യാജ സഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു.

വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ടെന്ന് മനസിലായി. കുടുംബ ജീവിതം വരെ ചില കമന്‍റില്‍ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ അറയ്ക്കും. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നും പ്രതിഭ പറഞ്ഞു.

നേരത്തെ, ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികള്‍ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികള്‍ക്കും രണ്ട് മെഡിക്കല്‍ കോളേജുകള്‍ക്കും ഒന്നാംഘട്ടത്തില്‍ കാത്ത്‌ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശെെലജയുടെ പോസ്റ്റില്‍ പ്രതിഭ കമന്‍റ് ഇട്ടതോടെയാണ് പ്രശ്നം തുടങ്ങുന്നത്.

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്‍റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേള്‍ക്കുകയാണ്.

തങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചു. എന്നാല്‍, കെ കെ ശെെലജയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു എന്ന തരത്തിലാണ് സിപിഎം പ്രവര്‍ത്തകര്‍ ഈ കമന്‍റിനെ കണ്ടത്.

ഇതോടെ പ്രതിഭയ്ക്കെതിരെ ഫേസ്ബുക്കിലെ കമന്‍റുകളിലൂടെ വലിയ വിമര്‍ശനങ്ങള്‍ വന്നു. പിന്നീട്, ഫേസ്ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്തം കാണിക്കുന്നു എന്ന തരത്തിൽ എംഎൽഎ കമന്‍റിട്ടത് ശരിയായില്ലെന്ന്  കെ കെ ശെെലജ  ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്ബുക്ക് കമന്‍റിട്ടത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. 

പ്രതിഭ എംഎല്‍എയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമൻറിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഞങ്ങൾ തമ്മിൽ സ്ഥലക്കച്ചവടമോ അതിർത്തി തർക്കമോ ഇല്ലല്ലോ? ഇന്നലെ 5.42 നും 7.41 നും ഫോണിൽ വിളിച്ചു; വിഷ്ണുപുരത്തിന്‍റെ വാദം തള്ളി സതീശൻ
കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു