യാത്രകൾ ഹരമായിരുന്നു; പ്രവീണിന്‍റെയും കുടുംബത്തിന്‍റെയും വിയോഗത്തിൽ വിതുമ്പി നാട്ടുകാര്‍

By Web TeamFirst Published Jan 21, 2020, 3:48 PM IST
Highlights

അനാരോഗ്യം കാരണം വിശ്രമിക്കുന്ന മാതാപിതാക്കളെ മരണ വിവരം അറിയിച്ചിട്ടില്ല . അച്ഛനും അമ്മയും ചെങ്കോട്ടുകോണത്തെ വീട്ടിലാണുള്ളത്  

തിരുവനന്തപുരം: യാത്രകൾ ഇഷ്ടപ്പെട്ടിരുന്നയാളാണ് നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണെന്നാണ് അയൽവാസികൾ പറയുന്നത്. കുടുംബവുമായി പലയിടങ്ങളിലേക്കും പ്രവീൺ യാത്ര പോകുമായിരുന്നു. അത്തരമൊരു കുടംബയാത്രയാണ് ഇപ്പോൾ ദുരന്തത്തിൽ കലാശിച്ചിരിക്കുന്നത്. ദുബായിയിൽ എഞ്ചിനിയറായിരുന്നു പ്രവീൺ,  കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനാവശ്യത്തിനായി കൊച്ചിയിലായിരുന്നു ഭാര്യ ശരണ്യ താമസിച്ചിരുന്നത് .

സുഹൃത്തുക്കളുടെ കൂടെയാണ് പ്രവീണും ഭാര്യയും മൂന്ന് കുട്ടികളും നേപ്പാളിലേക്ക് യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്നായിരുന്നു ഇവർ യാത്ര പുറപ്പെട്ടത്. പ്രായമായ മാതാപിതാക്കളാണ് തിരുവനന്തപുരത്തെ വീട്ടിലുള്ളത് ഇവരെ ഇത് വരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രവീണിന്‍റെ അച്ഛൻ ഹൃദ്രോഗി കൂടിയായതിനാൽ ഇക്കാര്യത്തിൽ സാവകാശം മതി അറിയിക്കുന്നതെന്നാണ് സുഹൃത്തുക്കളുടെ തീരുമാനം. 

പ്രവീൺ കുമാർ നായർ(39), ശരണ്യ(34), ടിബി രഞ്ജിത്ത് കുമാർ(39), ഇന്ദു രഞ്ജിത്ത്(35), ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), ബൈഷ്ണബ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് നേപ്പാളിലെ സ്വകാര്യ റിസോർട്ടിൽ മരിച്ചത്. ഒരു മുറിയിൽ രണ്ട് ഭാഗത്തായാണ് ഇവർ താമസിച്ചത്. രാവിലെ ഒപ്പമുണ്ടായിരുന്നവർ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർ ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടത്. മുറികൾ തുറന്ന് നോക്കിയപ്പോഴാണ് നാല് പേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. 

ദമാനിലെ ഹോട്ടലിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലെത്തിച്ചത്. നാല് പേരെ 10.48 നും മറ്റുള്ളവരെ 11.30 നുമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപതിയിലെത്തിക്കും മുൻപ് തന്നെ എട്ട് പേരും മരിച്ചിരുന്നതായി ആശുപത്രി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. മുറിക്കകത്തെ ഗ്യാസ് ഹീറ്റർ ലീക്കാവാം മരണകാരണമെന്നാണ് സംശയം.

click me!