42 ലക്ഷം കെട്ടിവെച്ചു; പ്രീതാ ഷാജിക്ക് വീട് തിരികെ കിട്ടാൻ വഴിയൊരുങ്ങുന്നു

By Web TeamFirst Published Mar 2, 2019, 8:36 PM IST
Highlights

പ്രീതാ ഷാജി ബാങ്കിൽ പണമടച്ചു. എച്ച്ഡിഎഫ്സി ബാങ്കിന് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ച 43,51,362 രൂപയാണ് അടച്ചത്. അഞ്ച് ദിവസം കൊണ്ട് പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ചാണ് ഡി ഡി നൽകിയത്. 

കൊച്ചി: കിടപ്പാടം ബാങ്ക് ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്ത എറണാകുളം മാനാത്തുപാടം സ്വദേശി പ്രീതാ ഷാജിക്ക് വീടും സ്ഥലവും നഷ്ടപ്പെടില്ല. എച്ച് ഡി എഫ് സി ബാങ്കിന് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ച തുക പ്രീതാ ഷാജി ബാങ്കിൽ പണമടച്ചു. വായ്പാ തുകയും പലിശയും അടക്കം ആകെ 43 ലക്ഷം (കൃത്യം 43,51,362)  രൂപയാണ് അടച്ചത്. അഞ്ച് ദിവസം കൊണ്ട് പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച പണം ഉപയോഗിച്ചാണ് ഡി ഡി നൽകിയത്. മാർച്ച് 15ന് മുമ്പ് പണം അടയ്ക്കണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം.

വർഷങ്ങള്‍ നീണ്ട നിയമനടപടികള്‍ക്കുശേഷമാണ് സ്വന്തം കിടപ്പാടത്തിനായുള്ള സമരത്തില്‍ പ്രീതാ ഷാജിക്ക് അനുകൂലമായി ഹൈക്കോടതി വിധി പറഞ്ഞത്. മാർച്ച് 15നകം 43.5 ലക്ഷം രൂപ ബാങ്കിനും, 1.89 ലക്ഷം രൂപ ലേലം കൊണ്ടയാള്‍ക്കും നല്‍കിയാല്‍, ജപ്തി നടപടികള്‍ ഒഴിവാക്കി മാനാത്തുപാടത്തെ വീടും സ്ഥലവും പ്രീതാഷാജിക്ക് സ്വന്തമാക്കാമെന്നാണ് ഉത്തരവ്. ഈ പണം കണ്ടെത്തുന്നതിനായാണ് അക്കൗണ്ട് രൂപീകരിച്ച് പലിശരഹിത വായ്പാസമാഹരണം നടത്തിയത്. നിക്ഷേപിക്കുന്ന പണം തിരിച്ചുനല്‍കുമെന്നും പ്രീതാഷാജി കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. കെട്ടിട നിർമാണതൊഴിലാളിയായ മഞ്ഞുമ്മല്‍ സ്വദേശി മനുവാണ് ആദ്യ സംഭാവനയായ മൂന്ന് ലക്ഷം രൂപ നല്‍കിയത്.

1994 ൽ ഭർത്താവിന്‍റെ സുഹൃത്തിന് സ്വകാര്യ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുക്കുന്നതിനായിരുന്നു ഇടപ്പള്ളിയിലെ വീടും സ്ഥലവും പ്രീതാ ഷാജി ഈടായി നൽകിയത്. വായ്പ അടവ് മുടങ്ങിയതോടെ ബാങ്ക് വീടും സ്ഥലവും കടക്കെണിയിൽ പെട്ടു. ഇതോടെയാണ് 8.5 സെന്റ് വരുന്ന കോടികള്‍ വിലമതിക്കുന്ന കിടപ്പാടം 37.5 ലക്ഷം രൂപക്ക് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ ലേലത്തില്‍ വിറ്റത്. ലേലനടപടി ശരിവയ്ക്കണമെന്നാവശ്യപ്പെട്ട് വസ്തു ലേലം കൊണ്ട രതീഷ് നൽകിയ ഹർജി ഹൈകോടതി തള്ളിയതിനെതുടർന്നാണ് കിടപ്പാടം തിരിച്ചുകിട്ടാന്‍ പ്രീതാ ഷാജിക്ക് വഴിയൊരുങ്ങിയത്.

click me!