രാഹുൽ ഗാന്ധി പെരിയയിലെത്തും; ഇരട്ടക്കൊലയിൽ അന്വേഷണം അട്ടിമറിക്കുന്നെന്ന് കോൺഗ്രസ്

By Web TeamFirst Published Mar 2, 2019, 6:49 PM IST
Highlights

കാസർകോട് ഇരട്ടക്കൊലപാതകത്തിൽ പ്രതികളെ രക്ഷപ്പെടുത്താൻ സിപിഎം പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞെന്ന് കോൺഗ്രസ്. 

കാസർകോട്: പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കും. ഈ മാസം 12-നാണ് രാഹുൽ ഇരുവരുടെയും വീടുകളിലെത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. 

അതേസമയം, പെരിയ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പ്രതികളെ രക്ഷിക്കാൻ സിപിഎം പരസ്യമായി രംഗത്തിറങ്ങിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കാസർകോട് ഇരട്ടക്കൊലപാതകങ്ങൾക്കെതിരെ നടത്തിയ പ്രതിരോധസംഗമത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം. 

രണ്ട് കുഞ്ഞിരാമൻമാരുടെയും വിധി ഇന്നല്ലെങ്കിൽ നാളെ നിർണയിക്കപ്പെടും. അന്വേഷണം നന്നായി മുന്നോട്ടു പോകുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കഴുത്തിന് പിടിച്ച് പുറത്താക്കുകയാണ് ഇടത് സർക്കാരും ആഭ്യന്തരവകുപ്പും എന്നും ചെന്നിത്തല ആരോപിച്ചു.

കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ സംഘത്തില്‍ നിന്നും കൂടുതല്‍ പേരെ മാറ്റിയിരുന്നു. ഒരു ഡിവൈഎസ്പിയെയും രണ്ട് സിഐമാരെയുമാണ് മാറ്റിയത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ്, സിഐമാരായ സുനില്‍ കുമാര്‍, രമേശന്‍ എന്നിവരെയാണ് മാറ്റിയത്. അന്വേഷണ മേല്‍ നോട്ട ചുമതല ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീഖിനെ നേരത്തെ മാറ്റിയിരുന്നു.

ഇതിനെതിരെയാണ് കോൺഗ്രസ് നേതാക്കൾ ആരോപണം കടുപ്പിക്കുന്നത്. ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിച്ചാൽ കണ്ണൂരിലെ സിപിഎം നേതാക്കളുടെ സ്ഥിതിയാകും കാസർകോട്ടെ സിപിഎം നേതാക്കൾക്കും എന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് കെ സുധാകരൻ പരിഹസിച്ചു.

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അയൽ വാസികളായ ശാസ്താ ഗംഗാധരൻ, വത്സൻ എന്നിവരെ പിടിക്കാതെ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ് പൊലീസ് എന്നാണ് കെ സുധാകരൻ ആരോപിക്കുന്നത്. കൊല്ലപ്പെട്ടവർ ക്രിമിനലുകൾ എന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് കൃപേഷും ശരത്‍ലാലും നിസ്സാര കേസിൽ പെട്ടത്. എന്നാൽ ഇവരെ സ്ഥിരം ക്രിമിനലുകൾ എന്ന് പ്രചരിപ്പിച്ച് അപമാനിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. 

ഈ മാസം ഏഴിന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണ നടത്താനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. 

click me!