മാലിദ്വീപിൽ നിന്ന് മടങ്ങിയെത്തിയ യുവതി കൊച്ചിയിലെ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി

By Web TeamFirst Published May 10, 2020, 7:29 PM IST
Highlights

698 പേരെയാണ് മാലി ദ്വീപിൽ ഇന്ന്  ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തിച്ചത്. യാത്രക്കാരിൽ ഇവരടക്കം 19 ഗർഭിണികളുണ്ടായിരുന്നു.

കൊച്ചി: മാലിദ്വീപിൽ നിന്ന് നേവിയുടെ കപ്പലിൽ കേരളത്തിലെത്തിയ ഗർഭിണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ആൺകുഞ്ഞിന് ജന്മം നൽകി. തിരുവല്ല സ്വദേശിയായ സോണിയ ജോസഫ് മാലിദ്വീപിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു. കപ്പലിൽ നിന്ന് ഇറങ്ങവേ സോണിയക്ക് പ്രസവ വേദന അനുഭവപ്പെടുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകുകയുമായിരുന്നു.

മാലിദ്വീപിൽ നഴ്സായ സോണിയ പ്രസവത്തിനായി നാട്ടിലേക്ക് വരാൻ തയ്യാറായിരിക്കവേയാണ് രാജ്യവ്യാപക ലോക്ക്ഡൗൺ വരുന്നത്. നാട്ടിലെത്താൻ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരിക്കവെയാണ് നാവികസേനയുടെ കപ്പൽ രക്ഷാ ദൗത്യവുമായി എത്തുന്ന വിവരം അറിഞ്ഞത്. ​ഗ‍ർഭിണിയാണെന്ന പരി​ഗണന നൽകി ആദ്യ കപ്പലിൽ തന്നെ മടങ്ങാനും സാധിച്ചു.

കപ്പൽ യാത്രക്കിടെ യുവതിക്ക് ആരോ​ഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കപ്പലിറങ്ങി എമി​ഗ്രേഷൻ കൗണ്ടറിലെത്തിയപ്പോവാണ് വേദന ആരംഭിച്ചത്. ഭർത്താവ് ഷിജോ പുറത്ത് കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ആദ്യം മട്ടാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ട് പോയതെങ്കിലും ഇന്ന് തന്നെ പ്രസവം ഉണ്ടാകുമെന്ന് കണ്ട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വൈകിട്ട അഞ്ചേമുക്കാലോടെ കുഞ്ഞിന് ജന്മം നൽകി.

698 പേരെയാണ് മാലി ദ്വീപിൽ ഇന്ന്  ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ജലാശ്വ കൊച്ചിയിലെത്തിച്ചത്. ഇവരിൽ 440 മലയാളികളും, 156 തമിഴ് നാട് സ്വദേശികളും ബാക്കിയുള്ളവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്. യാത്രക്കാരിൽ 19 പേർ ഗർഭിണികളും 14 പേർ കുട്ടികളുമാണ്.

കേരളം തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പുറമെ, കർണ്ണാടക, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കപ്പലിലുണ്ടായിരുന്നു. തിരിച്ചെത്തിയവരിൽ 103 പേർ സ്ത്രീകളും 595 പേർ പുരുഷന്മാരുമാണ്.

സാധാരണ നാവികസേന ദൗത്യത്തിന് പണം ഈടാക്കാറില്ല. എന്നാൽ ഇത്തവണ 40 ഡോളർ യാത്രക്കാരിൽ നിന്ന് ഈടാക്കിയാണ് ഇവരെ കൊച്ചിയിലേക്ക് എത്തിച്ചത്. ഇവരിൽ 638 പേർക്കും കൊവിഡിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടുവെന്നാണ് വിവരം. രണ്ട് ദിവസം മുൻപാണ് മാലിയിൽ നിന്ന് കപ്പൽ യാത്ര ആരംഭിച്ചത്.

click me!