'കൊവിഡ് ബാധിച്ചാല്‍ നേരത്തെ പ്രസവ സാധ്യത'; ഗര്‍ഭിണികള്‍ വാക്‌സീനെടുക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Jul 10, 2021, 7:16 PM IST
Highlights

വാക്‌സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ വാക്‌സീനെടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ട്. ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണ വളര്‍ച്ചയെത്തും മുന്‍പ് പ്രസവം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭിണികള്‍ കൊവിഡ് ബാധിതരായാല്‍ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ നല്‍കേണ്ടി വരും. വാക്‌സീന്‍ നല്‍കുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തില്‍ ഗര്‍ഭിണികള്‍ വാക്‌സീന്‍ എടുക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കൊവിഡ് ബാധിച്ചവരില്‍ പ്രമേഹരോഗ സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ കാണിക്കുന്നു. പ്രമേഹ ലക്ഷണം ഉള്ളവര്‍ക്ക് മിട്ടായി പദ്ധതി വഴി സൗജന്യ ചികിത്സ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

കേരളത്തില്‍ ഇന്ന് 14,087 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര്‍ 765, കാസര്‍ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട 357, വയനാട് 330, ഇടുക്കി 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,682 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,43,08,000 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

click me!