കനത്ത മഴയിൽ കാടിനകത്ത് ഒറ്റപ്പെട്ട ഗർഭിണികളെ രക്ഷിച്ചു, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് മന്ത്രി

By Web TeamFirst Published Aug 5, 2022, 12:45 PM IST
Highlights

പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്

തൃശ്ശൂർ: കനത്ത മഴയിൽ തൃശ്ശൂർ മുക്കുംപുഴ ആദിവാസി കോളനിയിൽ ഒറ്റപ്പെട്ട 3 ഗര്‍ഭിണികൾക്ക് വനത്തിനകത്ത് സഹായമെത്തിച്ച് ആരോഗ്യ വകുപ്പ്. വനം വകുപ്പിന്റെയും പൊലീസിന്റെയും സഹായത്തോടെയാണ് ഇവരെ വനമധ്യത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഗർഭിണികളിൽ ഒരാൾ കാട്ടിൽ വച്ച് തന്നെ പ്രസവിച്ചിരുന്നു. നവജാത ശിശുവിനെയും അമ്മയെയും മറ്റ് രണ്ട് ഗ‌ർഭിണികളെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ശക്തമായ മഴ വക വയ്ക്കാതെ പെരിങ്ങല്‍ക്കുത്ത് റിസര്‍വോയറിലൂടെ രണ്ട് കിലോമീറ്ററോളം സാഹസികമായി മുളച്ചങ്ങാടത്തിലാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലെത്തിച്ച് പ്രസവ ശുശ്രൂഷ നല്‍കിയത്. അമ്മയ്ക്ക് ഉയര്‍ന്ന ബിപി ഉണ്ടായിരുന്നുവെങ്കിലും ആശുപത്രിയിലേക്ക് മാറാന്‍  തയ്യാറായിരുന്നില്ല. പിന്നീട് ഡിഎംഒയും ഡിഎസ്ഒയും സംഘവും കോളനിയില്‍ നേരിട്ട് ചെന്ന് കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയായിരുന്നു. ഇവരിപ്പോൾ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ സുരക്ഷിതരാണെന്ന് ആരോഗ്യ മന്ത്രി വാണ ജോർജ് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 5 മാസവും 6 മാസവുമായ രണ്ട് ഗര്‍ഭിണികളുടെ സുരക്ഷിതത്വം കോളനിയില്‍ തന്നെ ഉറപ്പാക്കിയതായും മന്ത്രി അറിയിച്ചു.

കാട്ടില്‍ നിന്ന് ഇവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയ ആരോഗ്യ വകുപ്പ് സംഘത്തെ വീണാ ജോര്‍ജ് അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവരെ സഹായിച്ച പൊലീസിനും വനം വകുപ്പിനും മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

സംസ്ഥാനത്ത് ആശ്വാസം, അതിതീവ്ര മഴ മുന്നറിയിപ്പ് പിൻവലിച്ചു; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയെ സൂചിപ്പിച്ച് പുറപ്പെടുവിച്ചിരുന്ന റെഡ് അലർട്ടുകൾ പിൻവലിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ തുടങ്ങി എട്ട് ജില്ലകളിൽ പുറപ്പെടുവിച്ച റെഡ് അലർട്ട് ആണ് പിൻവലിച്ചത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് 8 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.  4 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.
 

click me!