പകർച്ചവ്യാധി പ്രതിരോധം അതിവേഗം, ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് മന്ത്രിക്ക് കൈമാറി, അടുത്ത മൂന്ന് മാസക്കാലം തീവ്രയജ്ഞം

Published : Jun 22, 2026, 09:30 PM IST
K Muraleedharan

Synopsis

കൂടുതൽ ചർച്ച നടത്തി വിവിധ ജില്ലകളിലെ ഹോട്ട്‍സ്പോട്ടുകൾ സന്ദർശിച്ച് കമ്മിറ്റി വിശദമായ റിപ്പോർട്ട് പിന്നീട് നൽകും. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളിൽ മാത്രം കാണുന്നു, അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ സമിതി വിശദമായ പഠനം നടത്തും- മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ട് ആരോഗ്യം - ദേവസ്വം മന്ത്രി കെ.മുരളീധരന് സമർപ്പിച്ചു. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ ഡോ.എസ്.എസ്.ലാൽ, കൺവീനർ ഡോ. ശ്രീജിത്ത്.എൻ.കുമാർ, അംഗം ഡോ.എ.അൽത്താഫ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് കൈമാറിയത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച് അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കൂടുതൽ ചർച്ച നടത്തി വിവിധ ജില്ലകളിലെ ഹോട്ട്‍സ്പോട്ടുകൾ സന്ദർശിച്ച് കമ്മിറ്റി വിശദമായ റിപ്പോർട്ട് പിന്നീട് നൽകും. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളിൽ മാത്രം കാണുന്നു, അമീബിക് മസ്തിഷ്കജ്വരത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ സമിതി വിശദമായ പഠനം നടത്തും.

പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ വേഗത്തിൽ ആശ്വാസം കിട്ടുന്നതിനുള്ള കമ്മിറ്റി ശുപാർശകൾ ഉടൻ നടപ്പിലാക്കും. ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച കമ്മിറ്റിയോട് മന്ത്രി നന്ദി അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളെക്കാൾ കുറവാണ് ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് കമ്മിറ്റി വിലയിരുത്തി. അതേസമയം ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങൾ ഈ വർഷം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. എൽ-നിനോ പ്രതിഭാസത്തിന്റെയും ആഗോള തലത്തിൽ സംഭവിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടേയും തുടർച്ചയായി ഡെങ്കിപ്പനി, ചിക്കുൻഗുനിയ പോലുള്ള കൊതുക്ജന്യ രോഗങ്ങൾ വരും മാസങ്ങളിൽ കൂടുതൽ വ്യാപകമാകാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ തുടരണം. പകർച്ചവ്യാധി പ്രതിരോധയജ്ഞം ഗോൾ എന്ന പേര് നൽകി പരിപാടികൾ നടപ്പാക്കണമെന്നും കമ്മിറ്റി ശുപാർശയുണ്ട്.

പൊതുവായ ശുപാർശകൾ

* പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനം അനിവാര്യമാണ്. ഏകാരോഗ്യ സമീപനത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഏകോപനം സാദ്ധ്യമാക്കാൻ ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, കൃഷി, പൊതുമരാമത്ത്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഉന്നതതല യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉടൻ യോഗം ചേരുന്നത് ഉചിതമായിരിക്കും.

* ഡെങ്കിപ്പനിയുൾപ്പടെയുള്ള പകർച്ചവ്യാധികൾ വരും നാളുകളിൽ കൂടുതൽ വ്യാപകമാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് മാസക്കാലം സംസ്ഥാനത്തുടനീളം കൊതുക് നശീകരണ, മാലിന്യ സംസ്കരണ, ശുചീകരണ തീവ്രയജ്ഞം നടത്തണം. ഈയാഴ്ച തന്നെ അതിന് തുടക്കമിടണം.

* ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, ഷിഗല്ല പോലുള്ള പകർച്ചവ്യാധികളുടെ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കുന്നതിന് ഇത്തരം രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോട്ട്-സ്പോട്ടുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ വകുപ്പ് ഫീൽഡ് തല ജീവനക്കാരെ ഉപയോഗിച്ച് Integrated Disease Surveillance Programme (IDSP) രോഗ നിരീക്ഷണ സംവിധാനത്തിന്റെ സഹായത്തോടെ ഇത്തരം ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രതിരോധ നടപടികൾ ഊർജ്ജിതപ്പെടുത്തണം.

* ഷിഗല്ലയുൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശുചിത്വ ബോധവൽക്കരണം ശക്തമാക്കണം. ജല സ്രോതസ്സുകൾ മലിനമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതിന്റെ ചുമതല അതത് പ്രദേശത്തെ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കും ഫുഡ് സേഫ്റ്റി ഓഫീസർക്കും നൽകണം. ജല പരിശോധന നടത്താൻ വേണ്ട ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ഈ ആരോഗ്യ പ്രവർത്തകർക്കും ലഭ്യമാക്കണം.

* റസ്റ്റോറന്റുകളുടെയും ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന തട്ട് കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും ശുചിത്വവും സുരക്ഷിതത്വവും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും പരിശോധിക്കാൻ എല്ലാ പ്രദേശങ്ങളിലും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെയും ആരോഗ്യ വകുപ്പിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഹെൽത്ത് ഇൻസ്പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും സംയുക്ത പരിശോധന സ്ക്വാഡുകൾ രൂപീകരിക്കണം. ഫീൽഡ് തല പരിശോധനക്ക് വേണ്ട ടെസ്റ്റ് കിറ്റുകളും ചെക്ക് ലിസ്റ്റുകളും അവർക്ക് നൽകണം. മൂന്ന് മാസത്തിൽ ഒരു തവണയെങ്കിലും എല്ലാ ഭക്ഷണ ശാലകളും പരിശോധിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തണം. ഹോട്ടൽ /റസ്റ്റോറൻ്റ് മേഖലയിലെ സംഘടനകളെയും തൊഴിലാളികളെയും പരിശീലിപ്പിക്കുകയും രോഗ നിയന്ത്രണത്തിൽ പങ്കാളികളാക്കുകയും ചെയ്യണം.

* എലിപ്പനിക്കെതിരായ ബോധവൽക്കരണം ശക്തമാക്കണം. എലിപ്പനി പകരാൻ സാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തൊഴിൽ/കൃഷി/ തദ്ദേശ ഭരണ വകുപ്പുകളുടെ സഹകരണത്തോടെ രോഗപ്രതിരോധ മാർഗങ്ങൾ (കയ്യുറ, ബൂട്ട്സ് തുടങ്ങിയവ) ലഭ്യമാക്കുകയും അവ ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഡോക്സിസൈക്ലിൻ ആൻ്റിബയോട്ടിക് മരുന്ന് നൽകുന്നത് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡപ്രകാരം ആയിരിക്കണം.

* പകർച്ചവ്യാധികൾ നിർണയിക്കാനുള്ള രോഗപരിശോധന സാമഗ്രികൾ എല്ലാ ജില്ലകളിലും ലഭ്യമാക്കണം. കോട്ടയം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിർമ്മാണം പൂർത്തിയായ പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ ഉടനെ തുറന്ന് പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണം.

* ഏകാരോഗ്യം, മൃഗജന്യരോഗങ്ങളുടെ സർവേയലൻസ്, മൃഗസാമ്പിൾ പരിശോധന എന്നിവയുടെ ഏകോപനം ഉറപ്പാക്കാൻ ഓരോ ജില്ലയിലും വനം, മൃഗ സംരക്ഷണ വകുപ്പുകളിൽ നിന്ന് ഒരു വെറ്ററിനറി ഡോക്ടറുടെയോ ഉദ്യോഗസ്ഥന്റെയോ സേവനം ആരോഗ്യവകുപ്പിൽ ലഭ്യമാക്കാൻ നടപടിയുണ്ടാകണം.

* പകർച്ചപ്പനി വ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിലെയും മെഡിക്കൽ കോളജുകളിലെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് പാരാമെഡിക്കൽ ജീവനക്കാരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണം. ആരോഗ്യ വകുപ്പിൽ ഇപ്പോൾ 800-ലധികം ഡോക്ടർമാരുടെ ഒഴിവുകളുണ്ട്. ഇവ നികത്തുന്നതിനായി സ്ഥാനക്കയറ്റവും പിഎസ്‍സി നിയമനവും വേഗത്തിലാക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ, ജനറൽ ആശുപത്രികൾ വരെ എല്ലാ തലങ്ങളിലും ചികിത്സക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും കൂടുതൽ ഡോക്ടർമാരുടെയും പാരമെഡിക്കൽ ജീവനക്കാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ആവശ്യമായി വന്നാൽ NHM/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന അവരെ താൽക്കാലികമായി നിയമിക്കാൻ നടപടികൾ സ്വീകരിക്കണം.

* പകർച്ചവ്യാധികൾ പടരുമ്പോൾ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആൻ്റിബയോട്ടിക് മരുന്നുകൾ ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ ആരോഗ്യവകുപ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കെകെ മഹേശന്റെ മരണം: 6 വർഷമായി കോടതി കയറിയിറങ്ങുന്നു, ഇതുവരെ നീതി ലഭിച്ചില്ലെന്ന് ഭാര്യ ഉഷാ ദേവി; പ്രതികരണം ന്യൂസ് അവറിൽ
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും അധിക വൈദ്യുതി ലഭ്യമായി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കാനായെന്ന് കെഎസ്ഇബി