
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലെ അക്കാദമികൾ അഴിച്ചുപണിത് സർക്കാർ. കൽപ്പറ്റ നാരായണനാണ് കേരള സാഹിത്യ അക്കാദമിയുടെ പുതിയ ചെയർമാൻ. നടൻ പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ്റെ പുതിയ അധ്യക്ഷനാകും. ഗായകൻ ജി വേണുഗോപാലിനെ സംഗീത നാടക അക്കാദമി ചെയർമാനായും തീരുമാനിച്ചു.
വൈകിയെങ്കിലും അക്കാദമി തലപ്പത്തേക്ക് നിയമനങ്ങൾ നടന്നിരിക്കുകയാണ്. പിണറായി സർക്കാരിൻ്റെ കാലത്ത് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായിരുന്ന നടൻ പ്രേം കുമാർ ചലച്ചിത്ര വികസന കോർപ്പറേഷൻ അധ്യക്ഷനാകുന്നു. ആശ സമരത്തിലടക്കം നിലപാടുകളുടെ പേരിൽ ചലച്ചിത്ര അക്കാദമിയിലെ പദവിയിൽ നിന്ന് ഇടതുസർക്കാർ പുറത്താക്കിയ പ്രേം കുമാർ പിന്നീട് കോൺഗ്രസ് വേദികളിൽ എത്തിയിരുന്നു. സംവിധായകൻ ആലപ്പി അഷ്റഫാണ് വൈസ് ചെയർമാൻ.
എഴുത്തിലും വാക്കിലും ലാളിത്യവും സൂക്ഷ്മതയും കൈമുതലുളള കൽപ്പറ്റ നാരായണൻ്റെ പേര് സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് പ്രതീക്ഷിച്ചതാണ്. മുൻ സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനങ്ങൾ തൊടുത്തിരുന്ന കൽപ്പറ്റ കോൺഗ്രസ് അനുകൂല നിലപാടുകളും ആവർത്തിച്ചിരുന്നു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ എംപി സുരേന്ദ്രനാണ് സാഹിത്യ അക്കാദമിയുടെ പുതിയ സെക്രട്ടറി. പകരംവെക്കാനില്ലാത്ത ശബ്ദഭംഗി കൊണ്ട് തൻ്റേതായ ഇടമുണ്ടാക്കിയ ജി വേണുഗോപാലിന് അംഗീകാരമായി സംഗീത നാടക അക്കാദമിയുടെ അധ്യക്ഷപദവി. നാടകരംഗത്ത് ശ്രദ്ധേയനായ ഹേമന്ത് കുമാർ ആണ് വൈസ് ചെയർമാൻ. സംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൻ്റെ ചെയർമാൻ നിർമാതാവ് എം രഞ്ജിത് ആണ്.
പ്രശസ്ത പ്രൊഡക്ഷൻ ഡിസൈനർ പ്രകാശ് മൂർത്തിയാണ് ലളിതകലാ അക്കാദമിയുടെ പുതിയ അധ്യക്ഷൻ ടി ആർ ഉദയകുമാർ വൈസ് ചെയർമാൻ. കോൺഗ്രസ് നേതാവ് സുരേഷ് ബാബു എളയാവൂരിലെ ഫോക്ലോർ അക്കാദമിയുടെ ചെയർമാനാകും. ശ്രീരാമൻ കൊയ്യോൻ ആണ് വൈസ് ചെയർമാൻ. നടൻ രവീന്ദ്രനെ ഇന്നലെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിശ്ചയിച്ചിരുന്നു. ആഗ്രഹിച്ച ഇടമെന്ന് രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറഞ്ഞു. അതേ സമയം നടൻ ജോയ് മാത്യുവിനെ അക്കാദമി പദവികളിൽ നിന്ന് തഴഞ്ഞത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. പദവി കിട്ടാത്തതിൽ സങ്കടമില്ലെന്നും വിപ്ലവ പാർട്ടി അടിമകൾക്കാണ് വിഷമമെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ മറുപടി നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam