ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ സ്പെഷൽ സർവീസുകൾ ആരംഭിച്ചു.
തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനും വെട്ടുകാട് പള്ളി പെരുന്നാളിനുമെത്തുന്ന വിശ്വാസികൾക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെഎസ്ആർടിസി വിപുലമായ സ്പെഷൽ സർവീസുകൾ ആരംഭിച്ചു. യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് രണ്ട് തീർഥാടന കേന്ദ്രങ്ങളിലേക്കുമായി ആകെ 45 ബസുകളാണ് സർവീസ് നടത്തുന്നത്. ഈ സർവീസുകൾ ഏകോപിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി തിരുവനന്തപുരം സിറ്റി യൂണിറ്റ് ഓഫിസർക്ക് നോഡൽ ഓഫിസറുടെ ചുമതല നൽകിയിട്ടുണ്ട്.
ബീമാപള്ളി ഉറൂസുമായി ബന്ധപ്പെട്ട് ഇത്തവണ 20 ബസുകളാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം 14 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, വള്ളക്കടവ് വഴിയും കിഴക്കേക്കോട്ടയിൽ നിന്ന് ഇഞ്ചക്കൽ, കല്ലുമൂട് വഴിയുമാണ് ബീമാപള്ളിയിലേക്ക് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
യാത്രക്കാരുടെ ആവശ്യാനുസരണമാകും ബസുകൾ സർവീസ് നടത്തുക. ഇതിനായി ബീമാപള്ളിയിൽ ഒരു സ്റ്റേഷൻ മാസ്റ്റർ ഓഫിസും പ്രവർത്തിക്കുന്നുണ്ട്. വെട്ടുകാട് പള്ളി പെരുന്നാളിനായി നിലവിലുള്ള ഏഴ് ചെയിൻ സർവീസുകൾക്ക് പുറമേ 18 അധിക സർവീസുകൾ കൂടി ഉൾപ്പെടുത്തി ആകെ 25 ബസുകളാണ് നിരത്തിലിറക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 18 ബസുകളായിരുന്നു സർവീസ് നടത്തിയിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്ന് വലിയതുറ വഴിയും പാളയം വഴിയുമാണ് വെട്ടുകാട്ടേക്ക് സർവീസ് നടത്തുന്നത്. ബസുകൾ കൃത്യമായി സർവീസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി വെട്ടുകാട് ഒരു താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫിസും തുറന്നിട്ടുണ്ട്.















