വരാനിരിക്കുന്നത് വരള്‍ച്ച, ഭീതിയില്‍ കേരളം: മുന്നൊരുക്കങ്ങള്‍ തുടങ്ങി ദുരന്ത നിവാരണ അതോറിറ്റി

Published : Aug 25, 2023, 04:40 PM IST
വരാനിരിക്കുന്നത് വരള്‍ച്ച, ഭീതിയില്‍ കേരളം: മുന്നൊരുക്കങ്ങള്‍ തുടങ്ങി ദുരന്ത നിവാരണ അതോറിറ്റി

Synopsis

മഴ കുറയുകയും അൾട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകൽച്ചൂട് കൂടി. 

തിരുവനന്തപുരം: സംസ്ഥാനത്ത് വരൾച്ച മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങി. മഴവെള്ള ശേഖരണമടക്കം ഊർജ്ജിതമാക്കിയില്ലെങ്കിൽ രൂക്ഷമായ പ്രതിസന്ധി സംസ്ഥാനം നേരിടുമെന്നാണ് 
വിലയിരുത്തൽ. മഴ കുറയുകയും അൾട്രാവയലറ്റ് വികിരണത്തോത് ഉയരുകയും ചെയ്തതോടെ പകൽച്ചൂടും കൂടി. മൺസൂൺ സീസൺ മുക്കാലും കഴിയുമ്പോൾ സംസ്ഥാനത്ത് സാധാരണയേക്കാൾ 47 ശതമാനം കുറവ് മഴയാണ് കിട്ടിയത്. ഇനി കാര്യമായ മഴയ്ക്ക് ഈ സീസണിൽ സാധ്യതയുമില്ല.

വരൾച്ച പടിവാതില്‍ക്കലെത്തി നിൽക്കേ മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നീക്കം. വരൾച്ച നിർണയ പ്രക്രിയയുടെ ഭാഗമായുള്ള ആദ്യഘട്ട പഠന റിപ്പോർട്ട് കെസ്‍ഡിഎംഎ എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി. കൃഷി മേഖലകളിലും ജലസംഭരണികളുടെ വൃഷ്ടിപ്രദേശങ്ങളിലും കാര്യമായ മഴക്കുറവുണ്ട്. മഴവെള്ള ശേഖരണം ഊർജ്ജിതമാക്കാനും നിലവിലുള്ള വെള്ളം പരമാവധി സംരക്ഷിക്കാനും ജില്ലാതലങ്ങളിൽ സ്ഥിതി നിരീക്ഷിക്കാനുമാണ് തീരുമാനം.

മഴക്കുറവാണ് താപനില ഉയരാന്‍ കാരണം. ഒപ്പം അൾട്രാവയലറ്റ് വികിരണതോതും അപകടനിലയിലാണ്. ഇന്നലെ 12 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ പകൽച്ചൂട് സാധാരണയേക്കാൾ കൂടുതൽ രേഖപ്പെടുത്തി. എ.ഡബ്ല്യു.എസ് കണക്ക് പ്രകാരം കഴിഞ്ഞ ദിവസം ചൂണ്ടിയിൽ 38.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. എൽനിനോ സാഹചര്യം കടുത്താല്‍ സ്ഥിതി ഇനിയും ഗുരുതരമാകും. അടുത്ത വേനൽക്കാലം മുന്നിൽക്കണ്ടുള്ള മുൻകരുതൽ ഓരോരുത്തരും സ്വീകരിക്കണമെന്നാണ് ദുരന്ത നിവാരണ വിദഗ്ധർ ഓർമിപ്പിക്കുന്നത്.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35°C വരെയും (സാധാരണയെക്കാൾ 3 °C - 5 °C വരെ കൂടുതൽ)  എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്  ജില്ലകളിൽ 34°C വരെയും (സാധാരണയെക്കാൾ 3 °C - 4 °C കൂടുതൽ) താപനില ഉയരാൻ സാധ്യതയുണ്ട്. സെപ്റ്റംബർ പകുതിയോടെ നിലവിലെ വരണ്ട  അന്തരീക്ഷ സ്ഥിതിയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

അതേസമയം വരുന്ന അഞ്ച് ദിവസം ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. കേരള-കർണാടക -ലക്ഷദ്വീപ് തീരത്ത്‌  മത്സ്യബന്ധനത്തിന് തടസമില്ല.

വീഡിയോ സ്റ്റോറി കാണാം

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി