
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കളളില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യമുയരുന്നു. ഇതേ തുടർന്ന് കാഞ്ഞിരപ്പളളിയില്‍ അഞ്ച് കളള് ഷാപ്പുകളാണ് കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയത്.
കാഞ്ഞിരപ്പള്ളി കാളകെട്ടി പതിനഞ്ചാംനമ്പര്‍ ഷാപ്പിന്‍റെ ഗ്രൂപ്പില്‍പെട്ട ഷാപ്പുകളാണ് കളളില്‍ കഞ്ചാവിന്‍റെ അംശം കണ്ടെത്തിയതിനെ തുടർന്ന് അടച്ച് പൂട്ടിയത്. സംസ്ഥാന എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം പൊന്‍കുന്നം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സപെക്ടര്‍ യൂസഫിന്‍റെ നേതൃത്വത്തിൽ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരാണ് ഷാപ്പുകൾ അടച്ചുപൂട്ടിയത്. രണ്ടാഴ്ച മുമ്പ് ഷാപ്പില്‍ പരിശോധന നടത്തി ശേഖരിച്ച സാമ്പിള്‍ കളള് തിരുവനന്തപുരം ചീഫ് കെമിക്കല്‍ ലാബില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവിന്‍റെ അംശമുണ്ടെന്ന് കണ്ടെത്തുന്നത്.
തുടർന്നാണ് ലൈസൻസികൾക്കും മാനേജർക്കുമെതിരെ കേസെടുക്കുകയും ഷാപ്പുകൾ അടച്ചു പൂട്ടുകയും ചെയ്തത്. പാലക്കാടൻ തെങ്ങിൻ കള്ളിൽ നിന്നാണ് കഞ്ചാവിന്‍റെ അംശം കണ്ടെത്തിയതെന്നാണ് പുറത്ത് വരുന്ന സൂചന. ലൈസൻസികൾക്കെതിരെ മാത്രം കേസെടുത്ത എക്സൈസ്, സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് തയ്യാറാകുന്നില്ലന്നും ആക്ഷേപമുയരുന്നുണ്ട്.
പല ഉന്നതരെയും സംരക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. വില്പനയ്ക്കായി കള്ള് ശേഖരിക്കുന്നയിടത്തോ ഷാപ്പുകളിലേക്ക് കള്ള് കൊണ്ടുവരുന്ന വഴിയിലോ ഇത് പരിശോധിക്കുവാൻ നടപടി ഉണ്ടാകാത്തതിലും ദുരൂഹതയുണ്ടന്ന ആരോപണമുണ്ട്. സംഭവത്തിൽ ശക്തമായ അന്വേഷണമുണ്ടാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പെരുനിലം ആവശ്യപ്പെട്ടു. കാളകെട്ടിക്ക് പുറമെ, നരിവേലി, മഞ്ഞപ്പള്ളി, കാഞ്ഞിരപ്പള്ളി ടൗൺ, തമ്പലക്കാട് ഷാപ്പുകളാണ് അടച്ചു പൂട്ടിയിരിക്കുന്നത്. എക്സൈസ് കമ്മീഷണറുടെ ഉത്തരവ് വരുന്ന മുറയ്ക്ക് ഷാപ്പുകളുടെ നടത്തിപ്പ് തൊഴിലാളികളെ ഏല്പിച്ചേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam