Latest Videos

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: കേരളത്തിലടക്കം വോട്ട് ചോർച്ച; സംസ്ഥാനത്തെ ഒരു വോട്ട് ദ്രൗപദി മുർമ്മുവിന്

By Web TeamFirst Published Jul 21, 2022, 9:47 PM IST
Highlights

ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും

തിരുവനന്തപുരം: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിക്ക് കേരളത്തിൽ നിന്ന് മുഴുവൻ വോട്ടും ലഭിക്കുമെന്ന് കരുതിയെങ്കിലും ഫലം വന്നപ്പോൾ എല്ലാവരും ഞെട്ടി. 140 അംഗ നിയമസഭയിൽ 139 അംഗങ്ങളുടെ പിന്തുണയാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. എൻ ഡി എ സ്ഥാനാർത്ഥിയായ ദ്രൗപദി മുർമ്മുവിന് സംസ്ഥാനത്തെ ഒരു എം എൽ എ വോട്ട് നൽകിയെന്നാണ് വ്യക്തമാകുന്നത്.

ഒഡീഷയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. മുർമ്മു സ്വതന്ത്ര ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാവും.  രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്നാം റൗണ്ടിലേക്ക് കടന്നപ്പോൾ തന്നെ ജയിക്കാൻ വേണ്ട മിനിമം വോട്ടുകൾ ദ്രൗപദി മുര്‍മു നേടിയിരുന്നു.

ആകെ 4025 എംഎൽഎമാർക്കും 771 എംപിമാർക്കുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. കേരളം ഉൾപ്പടെ പന്ത്രണ്ട് സംസ്ഥാനങ്ങളിലെ എല്ലാം എംഎൽഎമാരും വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പിന് മുൻപേ തന്നെ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിൻറെ വിജയം എൻഡിഎ ഉറപ്പിച്ചിരുന്നു. ചില സംസ്ഥാനങ്ങളിൽ വോട്ടുചോർച്ച ഉണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രതിപക്ഷത്ത് ആശങ്ക ദൃശ്യമായിരുന്നു. ആ ആശങ്ക ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള ഫലമാണ് ഒടുവിൽ പുറത്തു വരുന്നതും. 

രാഷ്ട്രപതി  തെരഞ്ഞെടുപ്പിലെ ആധികാരിക ജയത്തോടെ 2024-ലെ പൊതുതെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ ബിജെപിക്കാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുൻപേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപദി മുര്‍മുവിൻ്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ബിജെപിയേയും മോദിയേയും എതിര്‍ത്തു നിന്ന പാര്‍‍ട്ടികളുടെ വരെ വോട്ട് നേടാൻ എൻഡിഎയ്ക്ക് സാധിച്ചു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മോദിയുടേയും അമിത് ഷായുടേയും രാഷ്ട്രീയ തന്ത്രങ്ങളെല്ലാം നൂറു ശതമാനം വിജയം കാണുന്ന കാഴ്ചയാണ് തെരഞ്ഞെടുപ്പിൽ കണ്ടത്.

click me!