
തൃശ്സൂര്‍: കൊട്ടേക്കാട് രണ്ടു വാഹനങ്ങള്‍ മത്സര ഓട്ടം നടത്തി ടാക്സി കാറിലിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഥാർ ജീപ്പ് ഡ്രൈവർ ഷെറിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷെറിനൊപ്പം വാഹനത്തിനുണ്ടായിരുന്നത് പൊങ്ങണംകാട്, അന്തിക്കാട് സ്വദേശികളെന്ന് തിരിച്ചറിഞ്ഞു. ഥാറിനൊപ്പം മത്സരിച്ചോടിയ ബിഎംഡബ്ലിയു കാര്‍ കണ്ടെത്താനും നീക്കമാരംഭിച്ചു. അതിനിടെ മദ്യപിച്ച് അപകടമുണ്ടാക്കും വിധം വാഹനമോടിച്ച ഥാര്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി മോട്ടോര്‍വാഹന വകുപ്പ് തുടങ്ങി.
കൊട്ടേക്കാട് സെന്‍ററില്‍ ഇന്നലെ രാത്രി ഒൻപത് മണിയോടെ ബിഎംഡബ്ലിയു കാറിനോട് മത്സരിച്ചെത്തിയ ഥാര്‍ ജീപ്പ് ടാക്സി യാത്രക്കാരന്‍റെ ജീവനെടുത്ത സംഭവത്തിലാണ് ഥാറിന്‍റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയത്. പ്രതി ഷെറിന്‍ മദ്യ ലഹരിയിലാണെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. മനപൂര്‍വ്വമായ നരഹത്യ, മദ്യ ലഹരിയില്‍ അപകടകരമായി വാഹനമോടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഷെറിനെതിരെ ചുമത്തിയിരിക്കുന്നത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പിന്നീട് കണ്ടെത്തി.
ഗുരുവായൂരില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു രവിശങ്കറും കുടുംബവുമാണ് അപകടത്തില്‍ പെട്ടത്. ഥാറും ബിഎംഡബ്ലിയു കാറും ചീറിപ്പാഞ്ഞ് വരുന്നത് കണ്ട് ടാക്സി വേഗത കുറച്ചെങ്കിലും നിയന്ത്രണം വിട്ട ഥാര്‍ ടാക്സി വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു. മുന്‍സീറ്റിലിരുന്ന രവിശങ്കര്‍ ആശുപത്രിയിലെത്തിക്കും മുൻപ് മരിച്ചു. കാറിലുണ്ടായിരുന്ന രവിശങ്കരിൻ്റെ ഭാര്യ മായ, മകള്‍ ദിവ്യ, നാലുവയസ്സുകാരി ചെറുമകള്‍ ഗായത്രി, ടാക്സി ഡ്രൈവര്‍ രാജന്‍ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടന്നതിന് പിന്നാലെ ഥാറിലുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപെട്ടിരുന്നു. ഇവരും വൈകാതെ വലയിലാകുമെന്ന് പൊലീസ് അറിയിച്ചു. ബിഎംഡബ്ലിയു കാര്‍ കണ്ടെത്താനുള്ള നീക്കവും പൊലീസ് ഊർജിതപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam