'പൗരത്വനിയമം ഗാന്ധിജിയുടെ സ്വപ്നം', നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി, പ്രതിഷേധം

By Web TeamFirst Published Jan 31, 2020, 12:16 PM IST
Highlights

. രാമജന്മഭൂമി പ്രശനത്തിലെ സുപ്രീംകോടതി വിധി സമാധാനപൂര്‍വ്വം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളെ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി അനുമോദിച്ചു. 

ദില്ലി: ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പാര്‍ലമെന്‍റില്‍ നടന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചും പൗരത്വനിയമം, അയോധ്യ, മുത്തലാഖ് എന്നീ വിവാദവിഷയങ്ങള്‍ പരാമര്‍ശിച്ചുമാണ് രാഷ്ട്രപതി നയപ്രഖ്യാപനം പ്രസംഗം നടത്തിയത്. സമ്മേളനത്തിന് തൊട്ടുമുന്‍പായി മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്‍റ് സാമ്പത്തിക വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്ന് പറഞ്ഞു. 

നയപ്രഖ്യാപന പ്രസംഗത്തിനിടയില്‍ പൗരത്വ നിയമത്തെക്കുറിച്ച് രാഷ്ട്രപതി നടത്തിയ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റില്‍ ബഹളത്തിന് കാരണമായി. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുക്കാര്‍ക്കും ഇന്ത്യയിലേക്ക് വരാം എന്ന മഹാത്മാഗാന്ധിയുടെ വാക്കുകള്‍ ഉദ്ധരിച്ച രാഷ്ട്രപതി പൗരത്വനിയമം കൊണ്ടു വരുന്നതിലൂടെ രാഷ്ട്രപതിയുടെ സ്വപ്നം സര്‍ക്കാര്‍ യഥാര്‍ത്ഥ്യമാക്കിയെന്ന് പറഞ്ഞു. രാഷ്ട്രപതി ഈ ഭാഗം വായിച്ചു തീരും മുന്‍പേ ഭരണപക്ഷം ഡെസ്കില്‍ അടിച്ചു കൊണ്ട് ആഹ്ളാദം പ്രകടിപ്പിച്ചു. 

ഭരണപക്ഷത്തിന്‍റെ ആഹ്ളാദപ്രകടനം അഞ്ച് മിനിറ്റോളം നീണ്ടതോടെ  വികെ ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍ എന്നീ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധവുമായി എഴുന്നേറ്റു. എന്നാല്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഈ ഘട്ടത്തിലും മൗനം പുലര്‍ത്തി. സിഎഎ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി രണ്ട് മിനിറ്റോളം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷ എംപിമാര്‍ ഇരുന്നെങ്കിലും ഇതോടെ കുറഞ്ഞു വന്ന ഡെസ്‍കില്‍ അടി ശക്തമാക്കി ഭരണപക്ഷം പ്രതികരിച്ചു. കേന്ദ്രമന്ത്രി രാംദാസ് അതുല്‍വാലെ അടക്കമുള്ള നേതാക്കള്‍ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ എഴുന്നേറ്റ് നിന്നു സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി അതു തടഞ്ഞു. 

നേരത്തെ പാര്‍ലമെന്‍റ സമ്മേളനം തുടങ്ങും മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്‍റിന്‍റെ ഈ സമ്മേളനത്തില്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്ന് അഭിപ്രായപ്പെട്ടു. ഈ സമ്മേളനകാലം രാജ്യത്തിന്‍റെ സാമ്പത്തിക വിഷയങ്ങളിലാവും ശ്രദ്ധയൂന്നുക. സാമ്പത്തിക വിഷയങ്ങളിൽ രണ്ട് സഭകളിലും ക്രിയാത്മക ചർച്ച ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാനെത്തിയ പ്രതിപക്ഷ എംപിമാര്‍ പിന്‍നിരയിലേക്ക് മാറിയിരുന്നത് ശ്രദ്ധേയമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവരാണ് സീറ്റുകള്‍ മാറി പിന്നിലോട്ട് ഇരുന്നത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അതേസമയം പാര്‍ലമെന്‍റിന്‍റെ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 

നയപ്രഖ്യാപനപ്രസംഗത്തിലെ നിര്‍ണായക പരാമര്‍ശങ്ങള്‍ -

  • രാജ്യത്തിന്‍റെ ഭാവിയെക്കുറിച്ച് മഹാത്മഗാന്ധിയുടേയും ജവഹര്‍ലാല്‍ നെഹ്റുവിന്‍റേയും സ്വപ്നങ്ങള്‍ പൂര്‍ത്തിയാവുന്ന പതിറ്റാണ്ടായിരിക്കുമിതെന്ന് രാഷ്ട്രപതി
  • പതിമൂന്നാം ലോക്സഭയുടെ ആദ്യത്തെ ഏഴ് മാസത്തില്‍ തന്നെ നിര്‍ണായകമായ നിരവധി ബില്ലുകള്‍ സഭയ്ക്ക് പാസാക്കാന്‍ സാധിച്ചു. രാമജന്മഭൂമി പ്രശനത്തിലെ സുപ്രീംകോടതി വിധി സമാധാനപൂര്‍വ്വം സ്വീകരിച്ച ഇന്ത്യയിലെ ജനങ്ങളേയും രാഷ്ട്രപതി അനുമോദിച്ചു. 
  • ഈ ദശാബ്ദം ഇന്ത്യയ്ക്ക് വളരെ നിര്‍ണായകം 
  • രാജ്യത്തിന്‍റെ ഒരു ഭാഗവും വികസനത്തില്‍ വിവേചനം നേരിടാന്‍ പാടില്ലെന്ന് 370-ാം വകുപ്പ് എടുത്തുകളഞ്ഞതിനെ പരാമര്‍ശിച്ചു കൊണ്ട് രാഷ്ട്രപതി പറഞ്ഞു. ജമ്മു കശ്‍മീരിലെ ബ്ലോക്ക് ഡെവലപ്‍മെന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പൂര്‍ത്തിയായെന്നും ജമ്മു കശ്‍മീരിലേയും ലഡാക്കിലേയും വികസനം രാജ്യത്തിന്‍റെ മൊത്തം വികസനത്തിലും നിര്‍ണായകമാണെന്നും രാഷ്ട്രപതി. 
  • 370,35-എ വകുപ്പുകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലൂടെ പാര്‍ലമെന്‍റിലെ ഇരുസഭകളിലും പാസാക്കുക വഴി ചരിത്രം സൃഷ്ടിക്കുക മാത്രമല്ല. ജമ്മു കശ്മീര്‍, ലഡാക്ക് മേഖലകളുടെ തത്തുല്യവികസനത്തിന് വഴിയൊരുക്കുക കൂടിയാണ് ചെയ്തത്. 
  • ശ്യാമപ്രസാദ് മുഖർജിയുടെ സ്വപ്നമാണ് ഇതിലൂടെ യാഥാർത്ഥ്യമായത്. 370 അനുഛേദം റദ്ദാക്കിയ ശേഷം കശ്മീരിലെ സ്ഥിതി ശാന്തമായി തുടരുന്നു
  • മുസ്‍ലീം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ മുത്തലാഖ് അടക്കമുള്ള നിരവധി നിയമഭേദഗതികള്‍ ഈ സര്‍ക്കാര്‍ കൊണ്ടു വന്നു,. 
  • വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതിവേഗ വികസനമാണ് നടക്കുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികള്‍ ഈ സര്‍ക്കാര്‍ നടപ്പാക്കുകയുണ്ടായി. 
  • ആദിവാസി വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാന്‍ നമ്മുക്കായി. ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. 
  • ഗാന്ധിജിയുടെ സ്വപ്നമാണ് പൗരത്വ നിയമഭേദഗതിയിലൂടെ യഥാര്‍ത്ഥ്യമായത്. പാകിസ്ഥാനിലെ ന്യൂനപങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. 
  • പൗരത്വ നിയമഭേദഗതി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങളെ ബാധിക്കില്ല
  • 8 കോടി പാവങ്ങൾക്ക് ഗ്യാസ് കണക്ഷൻ ഉൾപ്പടെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവർക്കായി ഒരുപാട് പദ്ധതി നടപ്പാക്കി
  • ദില്ലിയിലെ അനധികൃതകോളനികൾ  നിയമവിധേയമാക്കിയത് 40 ലക്ഷം ജനങ്ങൾക്ക് അനുഗ്രഹമായി മാറി.
  • വികസനത്തില്‍ എല്ലാ വിഭാഗങ്ങളേയും ഒരുപോലെ മുന്നോട്ടു നയിക്കുന്നതാണ് സര്‍ക്കാര്‍ നയം.
  • പ്രതിഷേധങ്ങളുടെ പേരിലുള്ള അക്രമങ്ങൾ രാജ്യത്തെയും സമൂഹത്തെയും ദുർബലപ്പെടുത്തും
  • ജി എസ് ടി നടപ്പാക്കിയത് നികുതിരംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി
  • സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വലിയ മാറ്റങ്ങൾ രാജ്യത്ത് കൊണ്ടുവന്നു
  • കര്‍ത്താര്‍പൂര്‍ ഇടനാഴി റെക്കോര്‍ഡ് സമയം കൊണ്ടു പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിനായി. ഗുരു നാനക്കിന്‍റെ 550-ാം പ്രകാശ് പര്‍വ് ദിനത്തില്‍ ഇടനാഴി രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു. 
  • പരസ്പര ബഹുമാനവും വിശ്വാസവും നിലനിര്‍ത്തി കൊണ്ടുള്ള ചര്‍ച്ചകളിലൂടേയും സംവാദങ്ങളിലൂടേയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. 
  • ആയുഷ്‍മാന്‍ ഭാരത് പദ്ധതിയിലൂടെ അ‍ഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം രാജ്യത്തെ 24 കോടി ജനങ്ങള്‍ക്ക് ലഭിച്ചു. രണ്ടരക്കോടി ജനങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി കണക്ഷന്‍ ലഭിച്ചു. 
  • 5 ട്രില്ല്യൺ ഡോളർ സാമ്പത്തിക ലക്ഷ്യവുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്
click me!