'ഇത് ഒത്തുകളി': ഗവര്‍ണര്‍ക്കെതിരായ നോട്ടീസിനെ സ്പീക്കര്‍ പിന്തുണച്ചെന്ന് ചെന്നിത്തല

By Web TeamFirst Published Jan 31, 2020, 11:07 AM IST
Highlights

സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്‍ററി കാര്യമന്ത്രി എകെ ബാലൻ ചെയ്തത്. ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയൻ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണം.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്‍റെ നോട്ടീസ് തള്ളിയതിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി നോട്ടീസ് തള്ളിയത്. നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. ഗവര്‍ണരും സര്‍ക്കാരും തമ്മിൽ ഒത്തുകളിക്കുകയാണ്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറ‍ഞ്ഞു. കാര്യോപദേശക സമിതിയോഗത്തിൽ സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്‍ററി കാര്യമന്ത്രി എകെ ബാലൻ ചെയ്തത്. ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയൻ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

കീഴ്വഴക്കം ഇല്ലെന്ന സര്‍ക്കാര്‍ വാദത്തേയും പ്രതിപക്ഷ നേതാവ് പുച്ഛിച്ച് തള്ളി. ഗവർണർക്കെതിരെ പ്രമേയം പാസാക്കിയതിന്‍റെ കീഴ് വഴക്കവും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കീഴ്വഴക്കം ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ് വേണ്ടത്.ഗവര്‍ണര്‍ക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുട്ടുമടക്കി. 

നോട്ടീസ് പരിഗണിച്ച സ്പീക്കണെ പോലും തള്ളിയാണ് നിയമമന്ത്രി നിലപാടെടുത്തത്. മൂന്നിന് ചേരുന്ന സഭാ സമ്മേളനത്തിൽ പ്രശ്നം വീണ്ടും ഉന്നയിക്കാൻ തന്നെയാണ് പ്രതിപക്ഷ തീരുമാനം എന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രമേയം പാസായാൽ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: ഗവര്‍ണറെ തിരിച്ച് വിളിക്കാൻ പ്രമേയം; രമേശ് ചെന്നിത്തലയുടെ നോട്ടീസ് തള്ളി...

 

click me!