
തിരുവനന്തപുരം: എംഎൽഎ സ്ഥാനം രാജിവെക്കാൻ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ സമ്മർദ്ദം ശക്തം. എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കടുത്ത നിലപാട് സ്വീകരിക്കുമ്പോള്‍ രാജി വേണ്ടെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. രാജിയെചൊല്ലി കോണ്‍ഗ്രസിൽ രണ്ട് അഭിപ്രായം തുടരുമ്പോഴും വിഡി സതീശനടക്കമുള്ളവര്‍ കടുത്ത നിലപാടിലാണ്. പ്രതിപക്ഷ നേതാവിനൊപ്പം ഒരു വിഭാഗം നേതാക്കളും രാഹുൽ എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന ഉറച്ച നിലപാടിലാണിലാണുള്ളത്. രാഹുൽ രാജിവെക്കണമെന്ന നിലപാട് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. രാജിവെച്ചാൽ എതിരാളികള്‍ക്കുമേൽ മേൽക്കൈ ഉറപ്പെന്നാണ് സതീശനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നത്.
എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ പാർട്ടിക്ക് വിവാദങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇതുവഴി സമാന ആരോപണം നേരിടുന്ന എംഎൽഎമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാം എന്നും പറയുന്നു. അതേസമയം, എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പോലുള്ള കടുത്ത തീരുമാനം തിരക്കിട്ട് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കാത്തിരുന്ന കാണാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയും രാജിയെ എതിര്‍ക്കുന്നവര്‍ക്കുണ്ട്. ബിജെപി ഇടപെടലോടെ അതിവേഗം ഉപതെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തുന്നു. എന്നാൽ, ഹൈകമാന്‍ഡിന്‍റെ തീരുമാനം കൂടി അറിഞ്ഞശേഷം മാത്രമേ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളു.
അതേസമയം, ഗുരുതര ആരോപണങ്ങളും രാജി ആവശ്യവും ശക്തമായിരിക്കെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ അടൂരിലെ വീട്ടിൽ തുടരുന്നു. തൽക്കാലം പാലക്കാട്ടേക്ക് പോകേണ്ടെന്നാണ് തീരുമാനം. ഇന്നലെ രാത്രി പാലക്കാട് നിന്നുള്ള നേതാക്കളുമായി അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്‍റെ വിലക്കുള്ള സാഹചര്യത്തിൽ മാധ്യമങ്ങളെയും ഉടൻ കണ്ടേക്കില്ല. ഇന്നലെ വാർത്ത സമ്മേളനം വിളിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. രാഹുൽ രാജിവെക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി വി കെ ശ്രീകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോൺഗ്രസിന്‍റെ അന്തസ്സും അഭിമാനവും കാത്തുസൂക്ഷിക്കാൻ രാജി അനിവാര്യമാണെന്നും വി.കെ ശ്രീകൃഷ്ണൻ പറഞ്ഞു. അതിനിടെ വിവാദങ്ങൾക്കിടെ ട്രോൾ പോസ്റ്റുമായി കോൺഗ്രസ് നേതാവ് അജയ് തറയിൽ രംഗത്തെത്തി. ഖദർ ഒരു ഡിസിപ്ലിൻ ആണെന്ന തലക്കെട്ടോടെ ഖാദി വസ്ത്രങ്ങളുടെ റിബേറ്റ് വിൽപന ഓർമപ്പെടുത്തിയാണ് പോസ്റ്റ്. നേരത്തെ പുതുതലമുറ കോൺഗ്രസ് നേതാക്കൾ ഖദർ ഉപയോഗിക്കാത്തതിനെ അജയ് തറയിൽ വിമർശിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam