
തിരുവനന്തപുരം: കരൾ സംരക്ഷണത്തിന് ഉൾപ്പടെ ഗുണകരമായ ആരോഗ്യപ്പച്ചയെന്ന ഔഷധ സസ്യത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാളായ അഗസ്ത്യവനത്തിലെ കുട്ടിമാത്തന്‍ കാണി(72) അന്തരിച്ചു. ഏറെ നാളുകളായി അര്‍ബുദ രോഗചികിത്സയിലായിരുന്ന ചോനംപാറ സെറ്റില്‍മെന്‍റിലെ ചോനാംപാറ തടത്തരികത്ത് വീട്ടില്‍ കുട്ടിമാത്തന്‍ കാണിയെ രണ്ട് ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരിച്ചത്. പശ്ചിമഘട്ട വനമേഖലയില്‍ മാത്രം കാണപ്പെടുന്ന ആരോഗ്യ പച്ചയെന്ന ഔഷധ സസ്യത്തെ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തന്‍കാണി, മല്ലന്‍കാണി, ഈച്ചന്‍കാണി എന്നിവരുടെ സംഘമായിരുന്നു.
പിന്നീട് ജെഎന്‍ടിബിജിആര്‍ഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യഫാര്‍മസിയുമായി ചേര്‍ന്ന് ജീവനി എന്ന മരുന്ന് നിര്‍മിക്കുകയും ലാഭവിഹിതം ആദിവാസി വിഭാഗമായ കാണിക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കരളിനെ സംരക്ഷിക്കുന്നതിനും ക്ഷീണം തടയുന്നതിനും ഡിഎന്‍എ സംരക്ഷക ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് ആദിവാസികള്‍ കണ്ടെത്തിയ ആരോഗ്യപച്ച. കാണിക്കാരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച കാണി സമുദായ ക്ഷേമ ട്രസ്റ്റി സഹായത്തോടെയാണ് ആരോഗ്യപ്പച്ച കൃഷി ചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്‌സിക്യൂട്ടീവ് അംഗം കൂടിയാണ് ഇദ്ദേഹം. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് എബിസിഡി(Akshaya Big Campaign for Document Digitalization) പദ്ധതിയുടെ രേഖയും ഏറ്റുവാങ്ങിയിരുന്നു.
ആരോഗ്യ പച്ചയുമായി ബന്ധപ്പെട്ട അറിവ് പ്രയോജനപ്പെടുത്തിയതിന്‍റെ അംഗീകാരം കാണി സമുദായത്തിന് ലഭിച്ചപ്പോൾ 2002 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക ഭൗമ ഉച്ചകോടിയിൽ പോയി പുരസ്കാരം സ്വീകരിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു സംഘത്തിലെ ഈച്ചന്‍കാണി മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. ആദിവാസികളുടെ ഏത് ആവശ്യത്തിനും മുന്നിട്ടിറങ്ങിയിരുന്ന കുട്ടി മാത്തന്‍കാണി വളരെ ദരിദ്ര്യവസ്ഥയിലും ഊരിന്‍റെ വിഷയങ്ങളില്‍ മുഖം നോക്കാതെ പോരാടിയിരുന്നു. അഗസ്ത്യവനം ഊരിലെ 56 കുടുംബങ്ങളെ കുടിയൊഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ചെറുത്ത് ആദിവാസികള്‍ക്കൊപ്പം വിജയം നേടിയ ചരിത്രവുമുണ്ട് കുട്ടി മാത്തന്‍ കാണിക്ക്. ഭാര്യ: വസന്ത. മക്കള്‍: സുഭാഷിണി, സുരഭി, സുദര്‍ശിനി, സുഗതകുമാരി.