
തിരുവനന്തപുരം: പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിലെ റാങ്ക് ജേതാവ് നസീമിന്‍റെ പ്രൊഫൈൽ പരിശോധനകളിൽ പിഎസ്‍സി വരുത്തിയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. രണ്ട് പ്രൊഫൈലുകൾ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ മുൻ യൂണിറ്റ് സെക്രട്ടറിയായ നസീം പിഎസ്‍സി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. നസീമിനും ശിവരഞ്ജിത്തിനും പ്രണവിനും ഒരെ കോഡിലുള്ള ചോദ്യപേപ്പർ കിട്ടിയതിലും ദുരൂഹതയുണ്ട്.
പിഎസ്എസിയുടെ ചട്ടങ്ങൾ പ്രകാരം ഒരാള്‍ തന്നെ രണ്ട് പ്രൊഫൈലുകളില്‍ നിന്ന് രജിസ്ട്രേഷൻ നടത്തുന്നത് ഡീബാർ ചെയ്യേണ്ട തട്ടിപ്പാണ്. സമാന തട്ടിപ്പിന് വർഷാവർഷം ഡീബാർ ചെയ്യുന്നവരുടെ പട്ടികയും പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നസീമിന്‍റെ കാര്യത്തിൽ കൂടുതൽ പരിശോധനയുണ്ടായില്ലെന്ന് മാത്രമല്ല യൂണിവേഴ്സിറ്റി കോളേജ് അക്രമം വരെ പിഎസ്‍സി നസീമിനെ തൊട്ടിട്ടുമില്ല.
ഇരട്ട പ്രൊഫൈലുള്ളവർ ആളുമാറി രണ്ടാം ഹാൾടിക്കറ്റിൽ പരീക്ഷ എഴുതുന്നു എന്ന് കണ്ടെത്തിയതോടെയാണ് ഇരട്ട പ്രൈഫൈൽ കുറ്റമാക്കിയത്. നസീമിന്‍റെ കാര്യത്തിൽ പിഎസ്‍സി അറിഞ്ഞിട്ടും കണ്ണടച്ചതാണോ, അതോ കബളിപ്പിക്കപ്പെട്ടതോ എന്നാണ് ഇനി അറിയേണ്ടത്. എന്തായാലും ഇതില്‍ നിന്ന് പിഎസ്‍സിക്ക് ഒഴിഞ്ഞുമാറാനാകില്ല.
റാങ്ക് ലിസ്റ്റിൽ പെട്ട ശിവരഞ്ജിത്തിനും, പ്രണവിനും, നസീമിനും പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷയിൽ ലഭിച്ചത് കോഡ് C ചോദ്യപേപ്പറുകളാണ്. ഈ ചോദ്യപേപ്പറിലെ ക്രമത്തിലുള്ള ഉത്തരങ്ങൾ പുറത്തു നിന്ന് മൊബൈൽ ഫോണിൽ മൂവർക്കും എത്തിയതായാണ് പിഎസ്‍സി വിജിലൻസിന്‍റെ തന്നെ കണ്ടെത്തൽ. അങ്ങനെയെങ്കിൽ മൂവർക്കും ഒരേ കോഡ് ലഭിച്ചതിന് പിന്നിൽ എവിടെയാണ് ഒത്തുകളി നടന്നതെന്നും കൂടി ചോദ്യമുയരുമ്പോൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സംശയത്തിന്‍റെ മുനയിലാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam