
തിരുവനന്തപുരം: രണ്ട് മാസത്തിനിടെ മൂന്നാം തവണ പ്രധാനമന്ത്രി കേരളത്തിലേക്കെത്തുന്നതിന്റെ ആവേശത്തിലാണ് ബിജെപി. 27 ന് തിരുവനന്തപുരത്ത് കെ.സുരേന്ദ്രന്റെ പദയാത്രാ സമാപനത്തിലേക്കുളള മോദിയുടെ വരവ് വലിയ ആഘോഷമാക്കാനാണ് പാർട്ടി തീരുമാനം. നിരന്തരമുള്ള സന്ദർശനം മോദി ദക്ഷിണേന്ത്യയിൽ രണ്ടാം സീറ്റിൽ മത്സരിച്ചേക്കുമന്ന അഭ്യൂഹങ്ങളും കൂട്ടുന്നു.
ജനുവരി മൂന്നിന് തൃശൂരിൽ മഹിളാ സംഗമം,16 നും 17നും കൊച്ചിയിലും ഗുരുവായൂരും പരിപാടികൾ. മൂന്നാം വരവ് ഇനി 27ന് തിരുവനന്തപുരത്ത്. കേരള ബിജെപി മോദിയിൽ സകലപ്രതീക്ഷകളും അർപ്പിക്കുമ്പോഴാണ് വീണ്ടും വീണ്ടുമുള്ള വരവ്. മോദി നയിക്കുന്ന റാലികളല്ലാതെ സംസ്ഥാന നേതാക്കളുടെ ജാഥകളുടെ ഉദ്ഘാടന-സമാപന ചടങ്ങുകളിലെ നരേന്ദ്ര മോദിയുടെ പങ്കാളിത്തം അത്ര പതിവല്ല. തലസ്ഥാനത്ത് റോഡ് ഷോ അടക്കമുള്ള വലിയ പ്രചാരണപരിപാടികൾക്കാണ് പാർട്ടി ആലോചന. തലസ്ഥാനത്തെ മഹാസമ്മേളനത്തിൽ മോദിയുടെ ചില വമ്പൻ പ്രഖ്യാപനങ്ങൾക്കും സാധ്യതയേറെ.
കേരളത്തിൽ മാത്രമല്ല തമിഴ്നാട്ടിലും പ്രധാനമന്ത്രി നിരന്തരമായാണെത്തുന്നത്. ജനുവരിയിൽ രണ്ട് തവണ തമിഴ്നാട്ടിൽ വന്ന മോദി 25 ന് തിരുപ്പൂരിൽ വീണ്ടും എത്തുന്നുണ്ട്. ജനുവരിയിൽ ബംഗ്ളൂരിലും പ്രധാനമന്ത്രി വന്നിരുന്നു. ബിജെപി മിഷൻ സൗത്ത് പ്രഖ്യാപിച്ചിരിക്കെ മോദിയുടെ ദക്ഷിണേന്ത്യൻ സന്ദർശനങ്ങളിലെ രാഷ്ട്രീയ ആകാംക്ഷയും ഏറെ.
വാരാണാസിക്ക് പുറത്ത് പ്രധാനമന്ത്രി ദക്ഷിണേന്ത്യയിൽ രണ്ടാം സീറ്റിൽ മത്സരിച്ചേക്കുമെന്ന ചർച്ചകൾ നേരത്തെയുണ്ട്. അത്തരം ചർച്ചകൾ ബലപ്പെടുത്തുന്നതാണ് നിരന്തര സന്ദർശനങ്ങൾ. രണ്ടാം മണ്ഡലം കർണ്ണാടകയിലോ തമിഴ് നാട്ടിലോ ആകുമെന്ന് വരെ പറഞ്ഞ് കേൾക്കുന്നു. തിരുവനന്തപുരത്ത് മോദിയിറങ്ങുമെന്ന അഭ്യൂഹം വളരെ നേരത്തെയുണ്ടെങ്കിലും ദേശീയ നേതാക്കൾ അത് സ്ഥിരീകരിച്ചിരുന്നില്ല. ഉത്തരേന്ത്യയിൽ രാമക്ഷേത്രം വഴി വൻ നേട്ടമാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥിത്വമായാലും നിരന്തര സാന്നിധ്യമായാലും മോദിയിലൂടെ സൗത്തും പിടിക്കാനാണ് ബിജെപി നീക്കം.