
തിരുവനന്തപുരം: മനുഷ്യക്കടത്തിൽ ഉൾപ്പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശികളായ രണ്ടു യുവാക്കൾ ഒടുവിൽ നാട്ടിലേക്ക് മടങ്ങുന്നു. പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരാണ് മടങ്ങുന്നത്. നാട്ടിലേക്ക് എത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് ഇന്ത്യൻ എംബസ്സി അറിയിച്ചതായി പ്രിൻസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
വീട്ടുകാരുടേയും നാട്ടുകാരുടെയും സങ്കടത്തിനിടെയാണ് ആ സന്തോഷവാർത്ത. പ്രിൻസും ഡേവിഡും ഉടൻ നാട്ടിലേക്കെത്തും. അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ ഇരുവർക്കും റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റിരുന്നു. റിക്രൂട്ടിംഗ് ഏജൻസിയുടെ തട്ടിപ്പിനിരയായി യുദ്ധഭൂമിയിലെത്തിയ ഇവരുടെ ദുരവസ്ഥ നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു .സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ ഇവരെ കൊണ്ടുപോയത്. വാർത്തക്ക് പിന്നാലെ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഇടപെട്ടിരുന്നു. പരിക്കേറ്റ് പള്ളിയിൽ അഭയം തേടിയ ഇരുവരെയും ഇന്ത്യൻ എംബസ്സിയിലേക്ക് വിളിപ്പിച്ചിരുന്നു.
പ്രിൻസിനും ഡേവിഡിനും പുറമെ അഞ്ചുതെങ്ങിൽ നിന്നു പോയ രണ്ട് പേർ ഇപ്പോഴും യുദ്ധഭൂമിയിലാണ്. സൈനിക സേവനത്തിനുള്ള കരാർ റദ്ദാക്കി ഇവർക്കും ഉടൻ മോചനം കിട്ടുമന്ന് എംബസ്സി അധകൃതർ ഉറപ്പ് നൽകിയതായി പ്രിൻസ് പറഞ്ഞു. റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് സിബിഐ അന്വേഷിക്കുകയാണ്. തട്ടിപ്പിനിരയായവർ തിരിച്ചെത്തുന്നതോടെ സിബിഐക്ക് കൂടുതൽ വിവരം കിട്ടും. കേരളത്തിൽ നിന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം കൂടുതൽ പേരെ റഷ്യയിലെ യുദ്ധമുഖത്തേക്ക് ഇടനിലക്കാർ എത്തിച്ചിട്ടുണ്ട്.