ഡോ. ഹാരിസിനെ തള്ളി മെഡി. കോളേജ് പ്രിൻസിപ്പൽ, 'യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ല'

Published : Jun 29, 2025, 02:23 PM IST
dr. haris

Synopsis

യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ലെന്നാണ് ഡോക്ടർ പി കെ ജബ്ബാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട്  

തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നും ജനങ്ങളെ അറിയിച്ച യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസിനെ തള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി കെ ജബ്ബാർ. ഉപകരണങ്ങളില്ലെന്ന് ഒരു വർഷമായി പ്രിൻസിപ്പാലിനെയും സൂപ്രണ്ടിനെയും അറിയിച്ചിട്ടും നടപടിയില്ലെന്ന് ഇന്നും ഡോ. ഹാരിസ് ആവർത്തിച്ചിരുന്നു. എന്നാൽ യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ലെന്നാണ് ഡോക്ടർ പി കെ ജബ്ബാർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് വിശദീകരിച്ചത്.

പുതിയതായി ചാർജെടുത്ത ശേഷം എല്ലാ വകുപ്പുകളിലെയും ഫയൽ പരിശോധിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് യൂറോളജി ഫയൽ നോക്കിയത്. ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നത് കണ്ടില്ല. മന്ത്രിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസിന്റെ എഫ് ബി പോസ്റ്റ്‌ പരിശോധിക്കും. വിശദമായ അന്വേഷണം ഉണ്ടാകും. ഇതുവരെ ഡോ. ഹാരിസിനോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യൂറോളജി വകുപ്പിൽ മാത്രമല്ല ഉപകരണങ്ങളുടെ ക്ഷാമം

അതേസമയം ആരോഗ്യമേഖല നമ്പർ വൺ എന്നാവർത്തിക്കുന്ന വകുപ്പിൻററെ അവകാശവാദങ്ങളെ പൊളിച്ചടുക്കുന്നതായിരുന്നു ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്ന് പറച്ചിൽ. എന്നാൽ യൂറോളജി വകുപ്പിൽ മാത്രമല്ല ഉപകരണങ്ങളുടെ ക്ഷാമം. പക്ഷെ തുറന്ന് പറഞ്ഞത് ഡോ. ഹാരിസ് മാത്രമാണ്. ഇത്രയേറെ രോഗികളെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫുൾടൈം പ്രിൻസിപ്പലിനെ പോലും നിയമിച്ചിട്ടില്ല. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സ് ഡയറക്ടറാണ് നിലവിലെ പ്രിൻസിപ്പൽ. 

ഹാരിസ് ഡോക്ടറുടെ പോസ്റ്റ് വൈകാരികമെന്ന് തള്ളിപ്പറഞ്ഞുള്ള ഡിഎംഇയുടെ ഇന്നലത്തെ വാർത്താസമ്മേളനം സർക്കാർ നിർദ്ദേശ പ്രകാരമായിരുന്നു. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉറപ്പെന്ന നിലയിലേക്കായി വകുപ്പിലെ നീക്കങ്ങൾ. പറഞ്ഞതിൽ ഉറച്ചുനിന്ന ഡോക്ടർക്ക് പൊതുസമൂഹത്തിൽ നിന്ന് പിന്തുണ കിട്ടിയതോടെ സർക്കാർ കടുത്ത വെട്ടിലായി. ഇതോടെ ഭീഷണിയുടെ ലൈൻ മാറിയായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം.

പ്രൈവറ്റ് പ്രാക്ടീസിന്റെയും കൈക്കൂലിയുടെയും കഥകൾ കേൾക്കുന്ന സർക്കാർ ആശുപത്രികളിലെ വേറിട്ട ശബ്ദമാണ് ഡോക്ടർ ഹാരിസ്. പാവപ്പെട്ട രോഗികൾക്കായി എല്ലാം തുറന്ന് പറഞ്ഞ്, ഒരു ബൈക്കിൽ അവധി ദിവസവും ജോലിക്കെത്തിയ ഡോക്ടർക്കെതിരെ നടപടി എടുത്താൽ കൂടുതൽ തിരിച്ചടിയാകുമെന്ന ആശങ്ക സർക്കാറിനും സിപിഎമ്മിനുമുണ്ട്. 

 

 

 

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം