സ്കൂൾ തുറക്കുന്നതിന് മുമ്പ് പാഠപുസ്തകങ്ങൾ തയ്യാർ; 97 ശതമാനം അച്ചടി പൂർത്തിയായി

By Web TeamFirst Published May 31, 2019, 7:57 AM IST
Highlights

മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്. വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാൻ ഇത്തവണ കഴിയും.

കൊച്ചി: പുതിയ അധ്യായന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി കെബിപിഎസ് പൂര്‍ത്തിയാക്കി. 97 ശതമാനം പുസ്തകങ്ങളും സ്ക്കൂളുകളിൽ എത്തിച്ചുവെന്നും രണ്ടാംഘട്ട പുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും കെ ബി പി എസ് എം.ഡി കെ കാർത്തിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മൂന്നേകാൽ കോടിയിലധികം പുസ്തകങ്ങളാണ് സ്ക്കൂൾ തുറക്കുമ്പോൾ വിതരണം ചെയ്യേണ്ടത്. വേനലവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ പുസ്തകം വിതരണം ചെയ്യാൻ ഇത്തവണ കഴിയും. എട്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ മാത്രമാണ് മാറ്റം ഉള്ളത്.

കടലാസ് കരാ‌ർ ഏറ്റെടുക്കാൻ താമസം വന്നതിനാൽ ഇത്തവണ ഡിസംബറിലാണ് കെബപിഎസിൽ പ്രിൻറിംഗ് തുടങ്ങിയത്. സ്വകാര്യ കമ്പനികൾ കരാ‌ർ എടുക്കാൻ തയ്യാറായകാതിരുന്നതിനാൽ തമിഴ്നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള തമിഴ്നാട് ന്യൂസ് പ്രിന്‍റ് അന്‍റ് പേപ്പ്ഴ്സ് ലിമിറ്റഡിൽ നിന്നാണ് ഇത്തവണ കടലാസ് എത്തിച്ചത്. 

വലിപ്പം കൂടിയ ഏഴ് ലക്ഷം പുസ്തകങ്ങളിൽ കുറച്ചെണ്ണത്തിന്‍റെ ബൈൻറിംഗ് മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്. തമിഴ്നാട്ടിൽ നിന്നും വിദഗ്ധരെ എത്തിച്ച് വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. രണ്ട് കോടി പതിനെട്ടു ലക്ഷം പുസ്തങ്ങളാണ് രണ്ടാം ഘട്ടത്തിൽ വിതരണം ചെയ്യേണ്ടത്. ഇതിന്‍റെ അച്ചടി പുരോഗമിക്കുകയാണ്. ഓഗസ്റ്റിൽ പൂർത്തിയാക്കി വിതരണത്തിന് എത്തിക്കും. മൂന്നാം ഘട്ടത്തിൽ അറുപത്തി ഒന്ന് ലക്ഷം പുസ്തകങ്ങൾ വേണം. ഇതും സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് കെബിപിഎസ് എംഡി കെ കാർത്തിക് പറഞ്ഞു.

click me!