
പാലക്കാട്: പ്രിയദർശിനി പദ്ധതി തുടങ്ങി ഒരു മാസമാകുമ്പോൾ ഒന്നോ രണ്ടോ ബന്ധുകൾ മാത്രമുള്ള ചെറുകിട ബസ് ഉടമകൾ നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിലാണ്. തൊഴിലാളികൾക്കുള്ള കൂലി കണ്ടെത്താനാകാതെ പല ഉടമകളും ഡ്രൈവറും കണ്ടക്ടറുമൊക്കെ ആയി കഴിഞ്ഞു. 36 വർഷമായി സ്വകാര്യ ബസുടമയായ സുരേഷ് ഇപ്പോൾ സ്വന്തം ബസ്സിൽ കണ്ടക്ടറാണ്. സുരേഷ് പറയുന്നത് ഇപ്പോൾ ബസ് മുതലാളിയെന്ന പേര് മാത്രമേയുള്ളൂ എന്നാണ്.
"മൂന്ന് വണ്ടി ഓടിയാലും 1000 രൂപ തികച്ച് കിട്ടാനില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ച 200 രൂപയൊക്കെയാണ് കിട്ടുന്നത്. നടത്തിക്കൊണ്ടു പോവുന്നത് വളരെ കഷ്ടത്തിലാണ്. 45 ലിറ്റർ ഡീസലടിക്കണം ഓടാൻ. ട്രിപ്പ് മുടക്കാതെ ഓടുന്നു എന്നേയുള്ളൂ. ടാക്സ് അടയ്ക്കണമെങ്കിൽ ഭാര്യയുടെ സ്വർണം പണയം വെയ്ക്കണമെന്ന സ്ഥിതിയാണ്. ചെലവ് കൂടുന്നു എന്നല്ലാതെ വരുമാനം കൂടുന്നില്ല. പെട്രോൾ പമ്പിൽ കടം പറയേണ്ട സ്ഥിതിയാണ്. ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് പത്ത് പതിനഞ്ച് ദിവസമായി. പുറത്തുനിന്ന് കഴിക്കണമെങ്കിൽ കുറഞ്ഞത് 80 രൂപ വേണം. ഉച്ചയ്ക്ക് പഴം കൊണ്ടുവന്നാ കഴിക്കുന്നത്. വൈകുന്നേരം കരഞ്ഞു കൊണ്ടാണ് വീട്ടിൽ പോകുന്നത്. ഇങ്ങനെയാണെങ്കിൽ ടെൻഷൻ കാരണം അറ്റാക്ക് വന്ന് മരിച്ചു പോകും. 56 വയസ്സായിട്ട് ഇത് നിർത്തി വേറെ പണിക്ക് പോവാൻ കഴിയില്ലല്ലോ. ബസ് ഓടേണ്ട എന്ന് തീരുമാനിച്ചാൽ എഞ്ചിൻ പണി മുതൽ നൂറു ചെലവുകൾ വേറെ വരും"- സുരേഷ് പറയുന്നു.
പ്രിയദർശിനി പദ്ധതി തുടങ്ങി ഒരു മാസമാകുമ്പോൾ സ്വകാര്യ ബസ് മേഖലയ്ക്കുള്ള വരുമാന നഷ്‌ടം 65 കോടി രൂപയാണെന്നാണ് ബസ് ഉടമകൾ പറയുന്നത്. 500 ൽ അധികം ബസുകൾ ഓട്ടം നിർത്തി. ഓടുന്നവയിൽ പകുതിയും മുഴുവൻ ട്രിപ്പും നടത്തുന്നില്ലെന്നും ഉടമകൾ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam