
കാസർകോട്: കാസർകോട് ജില്ലയിൽ സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടങ്ങി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനം സാരമായി കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. വിഷയത്തിൽ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസത്തെ സൂചനാ സമരം നടത്തുന്നത്.
കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾ വലിയ നഷ്ടം നേരിടുന്നുവെന്നാണ് ബസുടമകൾ പറയുന്നത്. ഡീസലടിക്കാനുള്ള കാശ് പോലും ലഭിക്കുന്നില്ലെന്നും ബസുടമകൾ ചൂണ്ടിക്കാട്ടുന്നു. ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷനും മുഴുവൻ തൊഴിലാളി സംഘടനകളും സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്. രാവിലെ 10:30ന് ജില്ലാ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടക്കും.
സൗജന്യ യാത്ര വിദ്യാർത്ഥികൾക്കും 65 വയസ്സിന് മുകളിലുള്ള സ്ത്രീപുരുഷന്മാർക്ക് മാത്രം നൽകുക, 50 ശതമാനം ഡീസൽ സബ്സിഡി നൽകുക, റോഡ് നികുതി പൂർണമായും ഒഴിവാക്കുക, ഇന്റർസേറ്റ് - ടൗൺ ടു ടൗൺ ബസുകളിൽ സൗജന്യ യാത്ര ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.
ജില്ലയിലെ മുഴുവൻ സ്വകാര്യ ബസുകളും സമരത്തിൻ്റെ ഭാഗമാകുന്നുണ്ട്. ഇതേ തുടർന്ന് കെഎസ്ആർടിസി സർവീസുകളില്ലാത്ത ബദിയടുക്ക, മുള്ളേരിയ, അഡൂർ, വോർക്കാടി ഭാഗങ്ങളിൽ യാത്രാക്ലേശം അനുഭവപ്പെടുന്നുണ്ട്. സ്വകാര്യ ബസ് സമരമാണെന്ന് അറിയില്ലായിരുന്നുവെന്നും ഇനി ഓട്ടോയ്ക്ക് പോകുകയാണെന്നും ബദിയടുക്കയിലേക്ക് പോകേണ്ട യാത്രക്കാരി ബസ് സ്റ്റാൻഡിവെച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam