ഡീസല്‍ വില അടക്കം ബാധ്യതകള്‍ അധികം; സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു

By Web TeamFirst Published Jan 3, 2020, 11:01 AM IST
Highlights

സ്വകാര്യ ബസ് വ്യവസായ  മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സർക്കാർ ബസുടമകളുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല

മലപ്പുറം: ഡീസൽ വിലവർധനവുൾപ്പടെ അധിക ബാധ്യതകളെ തുടർന്ന്  സ്വകാര്യ ബസുകൾ സർവ്വീസ് ഒഴിവാക്കുന്നു. പെർമിറ്റ് തിരിച്ചേൽപ്പിച്ചാണ് ബസുടമകൾ സർവീസ് വ്യാപകമായി നിർത്തലാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ബസുടമകൾ പറയുന്നു.

വിലവർധനക്ക് പുറമേ ഡീസലിന്‍റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതൽ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകൾ പറയുന്നു. ഇൻഷുറൻസ്, ടയർ തേയ്മാനം, സ്പെയർ പാർട്സ് എന്നിവയിലുണ്ടായ  വർദ്ധനവും ബസ് വ്യവസായത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

സ്വകാര്യ ബസ് വ്യവസായ  മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി സർക്കാർ ബസുടമകളുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്ന് നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇനിയും നടപ്പിലാക്കിയിട്ടില്ല. പ്രതിസന്ധി മറികടക്കാൻ ചാർജ് വർധനവ്, വിദ്യാർഥികളുടെ കൺസഷൻ പരിഷ്ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാർഗങ്ങളാണ് ബസുടമകൾ മുന്നോട്ട് വെക്കുന്നത്.

നേരത്തെ, കഴിഞ്ഞ വര്‍ഷം  നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ചയെ തുടര്‍ന്ന്  ഒഴിവാക്കിയിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാർത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നത്. ആവശ്യങ്ങൾ പഠിക്കാൻ സർക്കാർ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടർ നടപടി ഇല്ലാത്തതിനാലാണ് ബസുടമകൾ സമരത്തിന് ഒരുങ്ങിയത്.

click me!