വെന്റിലേറ്റർ സൗകര്യം ഉണ്ടോയെന്ന് വിളിച്ചു ചോദിക്കുന്ന പതിവില്ല; മെഡിക്കൽ കോളേജിന്‍റെ വാദം തള്ളി കട്ടപ്പനയിലെ ആശുപത്രി

By Web TeamFirst Published Jun 7, 2019, 4:08 PM IST
Highlights

വെന്റിലേറ്റർ സൗകര്യം ഉണ്ടോയെന്ന് വിളിച്ചു ചോദിക്കുന്ന പതിവില്ലെന്നും ആംബുലൻസിലെ പോർട്ടബിൾ വെന്റിലേറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയില്ലെന്നും രോഗിയെ ചികിത്സിച്ച ഡോക്ടർ വരുണ്‍.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വിശദീകരണം തള്ളി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി. വെന്റിലേറ്റർ സൗകര്യം ഉണ്ടോയെന്ന് വിളിച്ചു ചോദിക്കുന്ന പതിവില്ലെന്നും ആംബുലൻസിലെ പോർട്ടബിൾ വെന്റിലേറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയില്ലെന്നും രോഗിയെ ചികിത്സിച്ച ഡോക്ടർ വരുണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട്ട്. മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യം ഒഴിവുണ്ടോയെന്ന് ഉറപ്പിക്കാതെയാണ് കട്ടപ്പനയിൽ നിന്ന് രോഗിയെ അയച്ചതെന്നാണ് ആരോപണം. എന്നാൽ ഇങ്ങനെ വിളിച്ചു ചോദിക്കുന്ന പതിവ് ഇല്ലെന്നാണ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിലെ ഡോക്ടർമാർ പറയുന്നത്. ആംബുലൻസിൽ പോർട്ടബിൽ വെന്റിലേറ്റർ സൗകര്യം ഉണ്ടായിരുന്നു. ഇത് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പ്രയോജനപ്പെടുത്തിയില്ലെന്നും ഡോ.വരുണ്‍ കൂട്ടിച്ചേര്‍ത്തു. 

അതേസമയം മരിച്ച ജേക്കബ് തോമസിന്റെ സംസ്കാര ചടങ്ങുകൾ കോഴിമല സെയ്നറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടന്നു. ഇന്നലെ വൈകുന്നേരമാണ് എച്ച്‍വൺഎൻവൺ പനി ബാധിച്ച് ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിലും കോട്ടയത്തെ സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും ചികിത്സ തേടി എത്തിയെങ്കിലും ആശുപത്രി അധികൃതര്‍ ചികിത്സിക്കാൻ വിസമ്മതിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മകൾ റെനിയുടെ പരാതിയിൽ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും ചികിത്സാ പിഴവിനുമാണ് കേസ്. 

Also Read: ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം: പിഴവ് പറ്റിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട്

click me!