
കൊച്ചി : കേന്ദ്രസര്‍ക്കാര്‍ കുടിശിക വരുത്തിയതോടെ വിമുക്തഭടൻമാര്‍ക്കുള്ള ചികിത്സ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ അവസാനിപ്പിച്ചു. എക്സ് സര്‍വീസ് മെൻ കോൺട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ ചികിത്സ നടത്തി വന്നിരുന്ന നിരവധിപേരുടെ ചികിത്സയാണ് ഇതോടെ വഴിമുട്ടിയത്. സെല്‍വരാജൻ നായിഡു എന്ന വിമുക്തഭടൻ ഓര്‍ക്കാനൊരുപാട് കാര്യങ്ങളാണ് ഉള്ളത്. രാജ്യം കാക്കാനുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാനുമായി യുദ്ധത്തില്‍ ഏറ്റുമുട്ടി പരിക്കേറ്റയാള്‍. ധീരതക്ക് രാഷ്ട്രപതിയില്‍ നിന്നും വീരചക്ര പുരസ്ക്കാരം നേടിയ പോരാളി.
എന്നാല്‍ ഇതൊക്കെ അമ്പത്തിരണ്ട് വര്‍ഷം മുമ്പ് 1971 ലെ കഥയായി മാറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ചികിത്സക്ക് നിവര്‍ത്തിയില്ലാത്ത സങ്കട കഥയാണ് ഇപ്പോള്‍ സെല്‍വരാജ് നായിഡുവിന് പറയാനുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഇദ്ദേഹം വ്യക്ക രോഗിയാണ്. ആഴ്ച്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നില നിര്‍ത്തുന്നത്. അടുത്തകാലം വരെ എക്സ് സര്‍വീസ് മെൻ കോൺട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീമില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൗജന്യമായിരുന്നു ചികിത്സ. എന്നാല്‍ പെട്ടന്ന് പക്ഷെ ആശുപത്രി സൗജന്യ ചികിത്സ നിര്‍ത്തി.
ഇപ്പോള്‍ ഓരോ തവണയും ഡയാലിസിസിന് മൂവ്വായിരത്തോളം രൂപയാണ് സെല്‍വരാജന്‍ നായിഡുവിന് ചെലവിടേണ്ടി വരുന്നത്. എന്നാല്‍ വിമുക്തഭടൻമാരുടെ പെൻഷനില്‍ നിന്നും ചികിത്സാ ആനുകൂല്യത്തിന് എന്ന പേരില്‍ 1000 രൂപ വീതം മാസം തോറും ഇപ്പോഴും പണം പിടിക്കുന്നുമുണ്ടെന്ന് സെല്‍വരാജിന്‍റെ മകന്‍ പറയുന്നു. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. രാജ്യത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച നിരവധി വിമുക്ത ഭടൻമാരുടെ ഇപ്പോഴത്തെ ദയനീയ അവസ്ഥയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam