കൊവിഡ് ചികിത്സാ സാമ​ഗ്രികൾ കിട്ടാനില്ല; പ്രതിസന്ധിയിലായി സ്വകാര്യ ആശുപത്രികൾ

By Web TeamFirst Published May 19, 2021, 5:25 PM IST
Highlights

കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകാൻ കഴിയില്ലെന്ന് മൊത്തവിതരണക്കാർ തീരുമാനം എടുത്തതാണ് സ്വകാര്യമേഖലയിലെ കൊവിഡ് ചികിത്സക്ക് പ്രതിസന്ധിയായത്.

കോഴിക്കോട്: സർക്കാർ നിശ്ചയിച്ച വിലയിൽ കൊവിഡ് ചികിത്സാ സാമഗ്രികൾ കിട്ടാതായതോടെ പ്രതിസന്ധിയിലായി സ്വകാര്യ ആശുപത്രികൾ. കുറഞ്ഞ വിലയിൽ സാധനങ്ങൾ നൽകാൻ കഴിയില്ലെന്ന് മൊത്തവിതരണക്കാർ തീരുമാനം എടുത്തതാണ് സ്വകാര്യമേഖലയിലെ കൊവിഡ് ചികിത്സക്ക് പ്രതിസന്ധിയായത്.

കൊവിഡ് ചികിത്സാ സാമഗ്രികൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് സർക്കാർ വില നിയന്ത്രണം നടപ്പാക്കി ഉത്തരവിറക്കിയത്. എന്നാൽ കേരള സർക്കാർ നിശ്ചയിച്ച വിലയിൽ ഗുണനിലവാരമുള്ള വസ്തുക്കൾ വിൽക്കാനാവില്ലെന്നാണ് മൊത്തവിതരണക്കാരുടെ നിലപാട്. ഇതോടെ വിലനിയന്ത്രണം ഇല്ലാത്ത മറ്റ് സംസ്ഥാനങ്ങളിലേക്ക് വൻ തോതിൽ ചികിത്സാ സാമഗ്രികൾ കയറ്റി അയക്കാനും തുടങ്ങി. പിപിഇ കിറ്റ്, മാസ്ക്, ഓക്സിജൻ മാസ്ക്, ഗ്ലൗ, ഏപ്രൺ തുടങ്ങിയ സാധനങ്ങൾ വാങ്ങാനായി കേരളത്തിലെ സ്വകാര്യ ആശുപത്രികൾ മൊത്തവിതരണക്കാരെ സമീപിക്കുമ്പോൾ കിട്ടുന്നത് പുതിയ നിരക്കിൽ സാധനങ്ങൾ ലഭ്യമല്ലെന്ന മറുപടി.

പരാമാവധി ഒരാഴ്ചയോളം ഉപയോഗിക്കാനുള്ള ചികിത്സാ സാമഗ്രികളാണ് മിക്ക ആശുപത്രികളിലും ഇനി ബാക്കിയുള്ളത്. ഇവയുടെ എണ്ണം കുറഞ്ഞ് തുടങ്ങിയതോടെ കൊവിഡ് ചികിത്സ എങ്ങനെ തുടരുമെന്ന ആശങ്കയിലാണ് സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ.

click me!