കാരുണ്യ പദ്ധതിയില്‍ സ്വകാര്യ ആശുപത്രികള്‍ തുടരും: കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് സര്‍ക്കാര്‍

By Web TeamFirst Published Nov 29, 2019, 5:15 PM IST
Highlights

കാരുണ്യ പദ്ധതിയുടെ ഭാഗമായി ചികിത്സ നല്‍കിയ വകയിൽ 50 കോടിയോളം രൂപ സർക്കാർ  കുടിശ്ശിക വരുത്തിയതാണ് പദ്ധതിയില്‍ നിന്നും പിന്മാറാ‍ന്‍ സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിച്ചത്.

തിരുവനന്തപുരം: കാരുണ്യപദ്ധതിയില്‍ നിന്നും പിന്മാറാനുള്ള സ്വകാര്യ ആശുപത്രികളുടെ തീരുമാനം പിന്‍വലിച്ചു. ഡിസംബർ 1മുതൽ പദ്ധതിയുടെ ഭാഗമായി രോഗികളെ പ്രവേശിപ്പിക്കേണ്ടെന്നായിരുന്നു ആശുപത്രി മാനേജ്മെന്‍റുകളുടെ തീരുമാനം. കാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള കുടിശ്ശിക സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാമെന്ന് അറിയിച്ചതോടെയാണ് സ്വകാര്യ ആശുപത്രികള്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറായത്. ഇൻഷുറൻസ് കമ്പനിയുടെ കുടിശ്ശികയായ 138 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. ബാക്കി  തുകയും ഉടൻ കൊടുത്തു തീർക്കുമെന്ന് ഉറപ്പു കിട്ടിയതായി പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ പ്രസിഡണ്ട്‌ അഡ്വ. ഹുസൈൻ കോയ തങ്ങൾ അറിയിച്ചു. 

കാരുണ്യ പദ്ധതിയുടെ ഭാഗമായി ചികിത്സ തേടിയ വകയിൽ 50 കോടിയോളം രൂപ സർക്കാർ  കുടിശ്ശിക വരുത്തിയതാണ് പദ്ധതിയില്‍ നിന്നും പിന്മാറാ‍ന്‍ സ്വകാര്യ ആശുപത്രികളെ പ്രേരിപ്പിച്ചത്. ആ‍ർഎസ്ബിവൈ, ചിക് പ്ളസ് തുടങ്ങിയ വിവിധ ആരോഗ്യ പദ്ധതികളെ സംയോജിപ്പിച്ചാണ് സർക്കാർ  ഏപ്രിൽ മാസം സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ  കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവന്നത്. 

കേന്ദ്ര സർക്കാറിന്‍റെ സഹായത്തോടെയായിരുന്നു പദ്ധതി. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ മാനജ്മെന്‍റിന് കീഴിലുള്ള 194 ആശുപത്രികൾ സർക്കാരുമായി സഹകരിച്ചു പോന്നിരുന്നു. എന്നാൽ കഴിഞ്ഞ നാല് മാസമായി ഇൻഷുറൻസ് കമ്പനികൾ ആശുപത്രികൾക്ക് തുക അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ നിന്ന് പൂർണ്ണമായും പിൻമാറാനുള്ള തീരുമാനം അവര്‍ എടുത്തത്.

click me!