യൂണി. കോളേജ് ഹോസ്റ്റലിൽ കൊലവിളി നടത്തിയ 'എട്ടപ്പൻ' മഹേഷിനെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ

By Web TeamFirst Published Nov 29, 2019, 5:09 PM IST
Highlights

കെഎസ്‍യു പ്രവർത്തകനായ നിതിനെ യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലിൽ വച്ച് മഹേഷ് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ''നിന്നെ ഞാനടിച്ച് വായ കീറും'' എന്നാണ് മഹേഷ് പറയുന്നത്. 

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകന് നേരേ കൊലവിളി നടത്തിയ എസ്എഫ്ഐ നേതാവ് മഹേഷിനെ തള്ളിപ്പറഞ്ഞ് സംഘടന. മഹേഷിനെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കൊളേജിയറ്റ് ഡയറക്ടർക്ക് കത്ത് നൽകി. കൊളേജിൽ നിന്നും 10 കിലോമീറ്റർ പരിധിക്ക് ഉള്ളിൽ താമസിക്കുന്ന മഹേഷിന്റെ ഹോസ്റ്റൽ അഡ്മിഷൻ റദ്ദാക്കണമെന്ന് എസ്എഫ്ഐ കത്തിൽ ആവശ്യപ്പെടുന്നു. അതേസമയം, ഹോസ്റ്റലിൽ കൊലവിളി നടത്തുന്നതിനൊപ്പം കെഎസ്‍യു പ്രവർത്തകരായ നിതിൻ രാജിന്‍റെയും സുദേവിന്‍റെയും സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വസ്ത്രങ്ങളും മഹേഷ് കത്തിച്ചെന്ന് ആരോപണമുയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ നൽകിയ പരാതി പൊലീസിന് കൈമാറുമെന്ന് ഹോസ്റ്റൽ വാർഡൻ വ്യക്തമാക്കി.

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ ബുധനാഴ്ച രാത്രിയാണ് 'എട്ടപ്പൻ' എന്ന് വിളിക്കുന്ന മഹേഷ് കെഎസ്‍യു പ്രവർത്തകരെ മുറിയിലെത്തി ഭീഷണിപ്പെടുത്തിയതും മർദ്ദിച്ചതും. ''നിന്നെ ഞാനടിച്ച് വായ കീറും'' എന്നാണ് മഹേഷ് പറയുന്നത്. കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെ മർദ്ദിക്കുന്നതിന് മുമ്പ് എസ്എഫ്ഐ നേതാവായ മഹേഷ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

എന്നാൽ മഹേഷ് എസ്എഫ്ഐ പ്രവർത്തകനല്ലെന്നാണ് ജില്ലാ കമ്മറ്റി ഇപ്പോൾ വിശദീകരിക്കുന്നത്. 2010 -11 കാലഘട്ടത്തിൽ യൂണിവേഴ്‍സിറ്റി കോളേജ് ചെയർമാനായിരുന്നു മഹേഷ്. ഇപ്പോൾ ഗവേഷണ വിദ്യാർത്ഥിയാണ്. അക്രമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത് മഹേഷാണെന്ന് കെഎസ്‍യു ആരോപിക്കുന്നു. കെഎസ്‍യു പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇന്നലെ പഠിപ്പുമുടക്കിയ വിദ്യാർത്ഥികൾക്ക് നേരെയും അക്രമമുണ്ടായി .ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച്‌ അക്രമം അഴിച്ചുവിടുന്ന എസ്എഫ്ഐ നിലപാടിനെതിരെ കെഎസ്‍യു സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. 

കെഎസ്‍യു പ്രവർത്തകനെ മർദിച്ച മഹേഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും തുടർനടപടിയൊന്നും സ്വീകരിച്ചിട്ടില്ല. അതേസമയം പഠിപ്പുമുടക്കിനിടെ, വിദ്യാർത്ഥികളെ ഭിഷണിപ്പെടുത്തിയെന്നാരോപിച്ച് മൂന്ന് കെഎസ്‍യു പ്രവർത്തകരെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

click me!