
ദില്ലി: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ച് വയനാട്ടിലേക്ക് എത്തുന്നു. ജൂലൈ രണ്ടാം വാരം ഇരുവരും വയനാട് സന്ദര്‍ശിക്കുന്ന കാര്യമാണ് പരിഗണനയിലുള്ളത്. രാഹുല്‍ ഗാന്ധി ഒഴിഞ്ഞ വയനാട് ലോക്സഭ മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചശേഷമുള്ള ഇരുവരുടെയും ആദ്യ സന്ദര്‍ശനമായിരിക്കുമിത്. പ്രചാരണത്തിന് മുമ്പ് സൗഹൃദ സന്ദര്‍ശനമായാണ് വയനാട്ടിലെത്തുക.അതേസമയം, വയനാട് മണ്ഡലം ഒഴിവാക്കി റായ്ബറേലി മണ്ഡലം നിലനിര്‍ത്തുന്നതായി അറിയിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി ലോക്സഭ സ്പീക്കറുടെ ഓഫീസിന് കത്ത് നല്‍കി.
ഇതിനിടെ, പ്രിയങ്കയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപി രംഗത്തെത്തി. ധൈര്യമുണ്ടെങ്കില്‍ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കണമായിരുന്നുവെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ഭീരുവിനെ പോലെ വയനാട്ടിലേക്ക് ഓടിപ്പോയെന്നും അമിത് മാളവ്യ ആരോപിച്ചു. യുപിയില്‍ ബിജെപി നേരിടുകയായിരുന്നു പ്രിയങ്ക ചെയ്യേണ്ടിയിരുന്നതെന്നും അമിത് മാളവ്യ വിമര്‍ശിച്ചു.
അതേസമയം, കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം പ്രിയങ്കയെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നാണ് വിവരം. കേരളത്തില്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി സഹായിക്കുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ബിജെപിക്ക് സ്ത്രീകളുടെ ഇടയില്‍ പിന്തുണ കൂടുന്നതും കോണ്‍ഗ്രസ് വിലയിരുത്തി. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.
ഇതിനിടെ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഓം ബിര്‍ളയുടെ വീട്ടില്‍ ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. അമിത് ഷാ, ജെപി നദ്ദ, കിരൺ റിജുജു, പ്രള്‍ഹാദ് ജോഷി എന്നിവർ ഇന്നലെ രാത്രി നടന്ന യോഗത്തിൽ പങ്കെടുത്തു. അർദ്ധരാത്രി വരെ യോഗം നീണ്ടു. ഓം ബിർള സ്പീക്കർ സ്ഥാനത്ത് തുടരും എന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം ചേർന്നത്
തെരഞ്ഞെടുപ്പ് ആവേശത്തിലേക്ക് വയനാട്; രാഹുലിന്‍റെ ഭൂരിപക്ഷം പ്രിയങ്ക ഉയർത്തുമോ? ആത്മവിശ്വാസത്തിൽ യുഡിഎഫ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam