
വയനാട്: പിഎം ശ്രീയിൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. രണ്ട് വള്ളത്തിൽ ചവിട്ടരുതെന്ന് പ്രിയങ്ക വിമർശിച്ചു. ഇത്തരം വിഷയങ്ങളിൽ കൃത്യമായ നിലപാടെടുക്കണം. പിഎം ശ്രീയിൽ സർക്കാരിൻ്റെ നിലപാടിൽ വ്യക്തതയില്ലെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ ഒപ്പ് വെച്ചത് സിപിഎം ബിജെപി ധാരണയായിരുന്നെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവർത്തിച്ചു. അതേസമയം, പിഎം ശ്രീ പദ്ധതിയിൽ കേരളത്തിൻ്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പി എം ശ്രീയ്ക്കുള്ള ധാരണ മരവിപ്പിക്കാനോ പിന്മാറാനോ വ്യവസ്ഥയില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം.
പിഎംശ്രീ പദ്ധതിയിൽ ഇനിയും കാത്തിരിക്കാനാവില്ലെന്ന സൂചനയാണ് കേന്ദ്രസർക്കാർ നല്‍കുന്നത്. കേരളത്തിൻ്റെ കത്ത് കിട്ടിയ ശേഷം തുടർനടപടി ആലോചിക്കും. ധനസഹായം നല്‍കേണ്ട സ്കൂളുകളുടെ പട്ടിക ഇതിനകം തന്നെ തയ്യാറാക്കി കഴിഞ്ഞു. പദ്ധതിക്ക് കീഴിലെ വ്യവസ്ഥകൾ നടപ്പാക്കുന്നത് അനിശ്ചിത കാലം നീട്ടിക്കൊണ്ടുപോകാനാകില്ല. സർവ്വ ശിക്ഷാ അഭിയാനടക്കമുള്ള ഫണ്ട് നല്‍കാനാകുമോ എന്നതും കത്ത് പരിശോധിച്ച് ശേഷം തീരുമാനിക്കും. പിഎം ശ്രീയിൽ നിന്ന് പഞ്ചാബ് ധാരണപത്രം ഒപ്പിട്ട ശേഷം പിന്മാറിയപ്പോൾ കേന്ദ്രം ഇത് അനുവദിച്ചിരുന്നില്ല. എന്നാൽ പിന്നീട് കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചതോടെ പഞ്ചാബ് നിലപാട് മാറ്റുകയായിരുന്നു. ഇതിനിടെ പിഎം ശ്രീയിൽ കേന്ദ്രവും സിപിഎമ്മും തമ്മിലുള്ള ധാരണ കൂടുതൽ വ്യക്തമായെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam