
തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള "മോദി @20 ഡ്രീംസ് മീറ്റ് ഡെലിവെറി" എന്ന പുസ്തകം കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ലൈബ്രറിയിലെ ഡിസ്പ്ലേ ബോക്സിൽ നിന്നും നീക്കിയത് പാക്കിസ്ഥാൻ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.. ദേശവിരുദ്ധ ശക്തികളുടെ സമ്മർദ്ദത്തിന് വഴങ്ങിയ യൂണിവേഴ്സിറ്റി അധികൃതർ രാജ്യത്തിന്‍റെ മഹത്തായ ജനാധിപത്യത്തെയും ഭരണഘടനയേയുമാണ് അപമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
നരേന്ദ്രമോദി ഓടിളക്കി വന്ന് പ്രധാനമന്ത്രിയായതല്ലെന്ന് യൂണിവേഴ്സിറ്റി അധികൃതർ മറന്നുപോകരുത്. ഭാരതത്തിലെ ജനങ്ങൾ വൻഭൂരിപക്ഷം നൽകി തുടർച്ചയായി രണ്ട് തവണ പ്രധാനമന്ത്രിയാക്കിയ വ്യക്തിയാണ് അദ്ദേഹം. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറിച്ചുള്ള പുസ്തകം പോലും ലൈബ്രറിയിൽ വെക്കാൻ പാടില്ലെന്ന താലിബാനിസം ബിജെപി അംഗീകരിച്ചു തരില്ല. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും വാചാലരാകുന്ന ഇടത് സർക്കാർ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്രയും വലിയ അസഹിഷ്ണുത നടമാടുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു.
നരേന്ദ്രമോദിയെ കുറിച്ച് രാജ്യത്തെ 20 പ്രമുഖ വ്യക്തിത്വങ്ങൾ എഴുതിയ മോദി @20ക്കെതിരായ വിലക്കിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തും. സംസ്ഥാനത്തെ എല്ലാ ക്യാമ്പസുകളിലും പുസ്തക ഫെസ്റ്റ് സംഘടിപ്പിക്കും. യൂണിവേഴ്സിറ്റി അധികൃതർ വിലക്ക് പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam